ന്യൂഡെൽഹി: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടി ഹെൽപ് ഡെസ്‌കുമായി ഇതുവരെ ബന്ധപ്പെട്ടത് 15,000 പേരെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതേസമയം, കഴിയുന്ന അത്രയും ആളുകളെ വേഗത്തിൽ തന്നെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
ഓഗസ്‌റ്റ് 15 മുതൽ ഇതുവരെ ഇന്ത്യ 800ലധികം പേരെ അഫ്‌ഗാനിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും ഇന്ത്യക്കാരും അഫ്‌ഗാൻ സിഖുകാരും ഹിന്ദു മതക്കാരുമാണ് എന്നും അദ്ദേഹം ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ വ്യക്‌തമാക്കി.
വളരെ ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ അഫ്‌ഗാനിൽ ഉള്ളത്. രക്ഷാപ്രവർത്തനം ഇന്ത്യ സജീവമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, രാജ്യസഭയിലെ സഭാ നേതാവ് പിയൂഷ് ഗോയൽ, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, മീനാക്ഷി ലേഖി എന്നിവർ പങ്കെടുത്തു.
Most Read: മനുഷ്യക്കടത്ത്; ഇന്ത്യൻ വംശജരായ മൂന്നുപേർ കാനഡയിൽ അറസ്‌റ്റിൽ