പട്ടാമ്പി: പെരുമണ്ണൂരിൽ കത്തിക്കരിഞ്ഞ നിലയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി ചാലിശ്ശേരി പെരുമണ്ണൂരിലാണ് സംഭവം. പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ ഹെൽത്ത് ഇൻസ്‌പെക്‌ടറായി വിരമിച്ച വിപി നാരായണൻ (70), ഭാര്യ ഇന്ദിര (60) എന്നിവരെയാണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 1.45 ഓടെയാണ് ഇവരുടെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ദമ്പതികൾ തനിച്ചാണ് വീട്ടിൽ താമസം. ചാലിശ്ശേരി പോലീസും പട്ടാമ്പിയിലെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസും സംഭവ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി അയക്കും.
അതേസമയം, മൃതദേഹങ്ങൾ കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപിടിച്ച ലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നെന്ന് സമീപ വാസികൾ പറഞ്ഞു. സംഭവത്തിൽ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു