ന്യൂയോര്‍ക്ക്: യു എസ് തിരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും യു എസ് പ്രസിഡണ്ടുമായ ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയ വാദിയായ പ്രസിഡണ്ടാണ് ഡൊണാള്‍ഡ് ട്രംപ് എന്നാണ് ജോ ബൈഡന്‍ പ്രതികരിച്ചത്. ബെല്‍മണ്ട് യൂണിവേഴ്സിറ്റിയില്‍ വെച്ച് നടന്ന സംവാദത്തിനിടെയാണ് ബൈഡന്റെ പ്രതികരണം.
‘ആധുനിക ചരിത്രം കണ്ട ഏറ്റവും വലിയ വംശീയ വാദിയായ പ്രസിഡണ്ടാണ് ട്രംപ്. എല്ലാ വംശീയ പ്രശ്‍നങ്ങളും ആളിക്കത്താന്‍ എണ്ണ പകരുകയാണ് ട്രംപ് ചെയ്യുന്നത്,’ ബൈഡന്‍ പറഞ്ഞു. അതേസമയം എബ്രഹാം ലിങ്കണ്‍ കഴിഞ്ഞാല്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച പ്രസിഡണ്ട് താനാണെന്ന് ട്രംപ് തിരിച്ചടിച്ചു. ബരാക്ക് ഒബാമയും ബൈഡനും വംശീയമായ നീതി ഉറപ്പാക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ ട്രംപിന് കൃത്യമായ പദ്ധതിയില്ലെന്ന ആരോപണത്തിന് ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന രാജ്യങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതലെന്ന് ട്രംപ് മറുപടി നൽകി. ഡെമോക്രാറ്റുകളുടെ ഭരണത്തില്‍ ന്യൂയോര്‍ക്ക് പ്രേതനഗരമായെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയെയും ചൈനയെയും റഷ്യയെയും വിമര്‍ശിച്ചും ട്രംപ് രംഗത്തെത്തി. ഏറ്റവും മലിനമായ വായുവാണ് ഇന്ത്യയിലും ചൈനയിലുമുള്ളതെന്നും 2017ലെ ഗ്ളോബല്‍ എമിഷനില്‍ 7 ശതമാനം ഇന്ത്യയുടേതാണെന്നും ട്രംപ് വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട അവസാന സംവാദമായിരുന്നു ഇത്. 90 മിനുട്ട് നീണ്ട സംവാദം ബെല്‍മെണ്ട് യൂണിവേഴ്‌സിറ്റിയില്‍ വച്ചാണ് നടന്നത്. എന്‍ ബി സി ന്യൂസിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് ക്രിസ്‌റ്റിന്‍ വെല്‍ക്കര്‍ ആയിരുന്നു ഡിബേറ്റ് മോഡറേറ്റര്‍.
Read also: യു എസ് തിരഞ്ഞെടുപ്പ്; സംവാദം അവസാന ഘട്ടത്തില്‍