കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി വേണമെന്ന് മരിച്ച നഴ്‌സ് രശ്‌മിയുടെ പിതാവ് ചന്ദ്രൻ ആവശ്യപ്പെട്ടു. ഇനിയാർക്കും ഇങ്ങനെ ഒരു അവസ്‌ഥ ഉണ്ടാവാൻ പാടില്ല. മകൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ആണെങ്കിലും ഒരിക്കലും മരിക്കുമെന്ന് കരുതിയില്ലെന്നും ചന്ദ്രൻ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തഡോക്‌സ് വിഭാഗത്തിലെ നഴ്‌സ് ആയിരുന്നു മരിച്ച രശ്‌മി രാജ്. മെഡിക്കൽ കോളേജിലെ ഹോസ്‌റ്റലിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. ഓൺലൈനിൽ ഓർഡർ ചെയ്‌ത ചിക്കൻ അൽഫാമിൽ നിന്നാണ് ഇവർക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവരേണ്ടതുണ്ട്. ഇതിനായുള്ള കാത്തിരിപ്പിലാണ് പോലീസ്.
സംക്രാന്തിയിലെ മലപ്പുറം മാന്തിയെന്ന സ്‌ഥാപനത്തിൽ നിന്നും കഴിഞ്ഞ 29ന് ഭക്ഷണം പാഴ്‌സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്‌മി അവശനിലയിൽ ആയത്. ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രശ്‌മിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്‌ച കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മൂന്ന് ദിവസമായി മെഡിക്കൽ കോളേജിൽ രശ്‌മി വെന്റിലേറ്ററിൽ ചികിൽസയിൽ ആയിരുന്നു. തുടർന്ന് ഇന്നലെ രാത്രി ഏഴ് മണിക്കാണ് മരിച്ചത്. മൂന്ന് ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരികാവയവങ്ങളുടെ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കൾ പരാതി നൽകിയതിനാൽ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഇതേ ഹോട്ടലിൽ നിന്ന് അന്നുതന്നെ ഭക്ഷണം കഴിച്ച മറ്റ് 20 പേർ മൂന്ന് സ്വകാര്യ ആശുപത്രികളിൽ ചികിൽസയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. സംഭവത്തെ തുടർന്ന് അധികൃതർ ഹോട്ടൽ പൂട്ടിച്ചു. അതേസമയം, പരിശോധനക്കായി സാമ്പിൾ ശേഖരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. രണ്ടു മാസം മുമ്പ് നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ട് ഇതേ ഹോട്ടൽ അടപ്പിച്ചിരുന്നു. കോട്ടയം തിരുവാർപ്പ് പാലത്തറ രാജു-അംബിക ദമ്പതികളുടെ മകളാണ് രശ്‌മി. വിനോദ് കുമാറാണ് ഭർത്താവ്.
Most Read: ഇടവേളക്ക് ശേഷം ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു; ഇനി ഉത്തർപ്രദേശിൽ