ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു. ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് യാത്ര പുനരാരംഭിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് യാത്ര തുടങ്ങുക. ഇതുവരെ 110 ദിവസം കൊണ്ട് 3000 കിലോമീറ്റർ ദൂരം വിവിധ സംസ്‌ഥാനങ്ങളിലൂടെ രാഹുൽ ഗാന്ധി സഞ്ചരിച്ചു. ജനുവരി ആദ്യവാരത്തോടെ യാത്ര പഞ്ചാബിൽ പ്രവേശിക്കും.
സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ഇതുവരെ ഒമ്പത് സംസ്‌ഥാനങ്ങളിലൂടെ സഞ്ചരിച്ചു. ജനുവരി അവസാനത്തോടെ യാത്ര ജമ്മു ജമ്മു കശ്‌മീരിൽ സമാപിക്കും. തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ 46 ജില്ലകളിലായി യാത്ര ഇതിനോടകം 3000 കിലോമീറ്റർ പിന്നിട്ടിട്ടുണ്ട്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്‌ട്രീയ നേതാവ് ഇത്രയും ദൈർഘ്യമേറിയ കാൽനട യാത്ര നടത്തുന്നതെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. ജനുവരി 26ന് ശ്രീനഗറിൽ യാത്ര അവസാനിപ്പിക്കുമ്പോൾ, ‘ഹാഥ് സെ ഹാഥ് ജോഡോ’ എന്ന പ്രചാരണ പരിപാടിയും പാർട്ടി ആസൂത്രണം ചെയ്‌തിട്ടുണ്ട്. സ്‌ത്രീകളെ ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംഘടിപ്പിക്കും.
Most Read: കലാമാമാങ്കത്തിന് ഇന്ന് തുടക്കം; ഔദ്യോഗിക ഉൽഘാടനം രാവിലെ പത്തിന്