കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസിന് തിരിച്ചടി. സംഭവത്തിൽ കോടതി നേരിട്ട് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു. കാസർഗോഡ് അഡീഷണൽ മുനിസിഫ് കോടതിയുടേതാണ് ഉത്തരവ്. അപകടത്തിൽ മരിച്ച ഫർഹാസിന്റെ കുടുംബം നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
സംഭവത്തിൽ ഉത്തരവാദികളായ പോലീസുകാർക്ക് എതിരെ നരഹത്യാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി ഹരജി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ ആറ് ദൃക്‌സാക്ഷികളുടെ മൊഴി ജനുവരി ആറിന് കോടതി രേഖപ്പെടുത്തും. ഫർഹാസിന്റെ മരണത്തിന് പോലീസിന് വീഴ്‌ച ഇല്ലെന്നായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്. എന്നാൽ, തുടർ അന്വേഷണം ഇനി കോടതി നേരിട്ടായിരിക്കും നടത്തുക.
അംഗഡിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന ഫർഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ പോലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്ളസ് ടു വിദ്യാർഥിയായ ഫർഹാസ് ചികിൽസയിലിരിക്കെ ഓഗസ്‌റ്റ് 29നാണ് മരിച്ചത്. തുടർന്ന്, സംഭവത്തിൽ ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടു കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.
സംഭവത്തിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു. വിദ്യാർഥിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു എസ്‌ഐ രജിത്ത് ഉൾപ്പടെ മൂന്ന് പേരെ സ്‌ഥലം മാറ്റി ഉത്തരവിറക്കിയത്. ആരോപണ വിധേയരായ ഉദ്യോഗസ്‌ഥർക്കെതിരെയുള്ള നടപടിയിൽ പോലീസ് ഒളിച്ചുകളി തുടർന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Most Read| കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ