കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറുടെ സ്‌ഥലം മാറ്റം സ്‌റ്റേ ചെയ്‌തു. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയുടെ സ്‌ഥലംമാറ്റ നടപടികളാണ് സ്‌റ്റേ ചെയ്‌തത്. ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള സ്‌ഥലംമാറ്റം റദ്ദാക്കിക്കൊണ്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രണ്ടു മാസം കൂടി അനിതയെ കോഴിക്കോട് തുടരാൻ അനുവദിക്കണമെന്നും അവരുടെ ഭാഗം കൂടി കേൾക്കാൻ തയ്യാറാകണമെന്നും ട്രൈബ്യൂണൽ നിർദ്ദേശം നൽകി. ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം ജോലിയിൽ പ്രവേശിക്കാം എന്ന് ഡിഎംഇ ഉത്തരവിറക്കിയതിന്റെ അടിസ്‌ഥാനത്തിൽ അനിത തിരികെ ജോലിയിൽ പ്രവേശിച്ചു.
അനിതയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വിടുതൽ ചെയ്‌ത് പ്രിൻസിപ്പൽ ഡോ. എൻ അശോകൻ ആണ് ഉത്തരവിട്ടത്. അനിതയെ സ്‌ഥലം മാറ്റിയ ഉത്തരവ് ഈ മാസം 28ന് ഡിഎംഇയിൽ നിന്ന് ഇറങ്ങിയെങ്കിലും ഇന്നലെയാണ് പ്രിൻസിപ്പൽ ഓഫീസിൽ എത്തിയത്. വകുപ്പുതല നടപടിയുടെ ഭാഗമായി ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ ജില്ല വിട്ടു സ്‌ഥലം മാറ്റാനും ശുപാർശയുണ്ട്. ഗസറ്റഡ് ഓഫീസർ തസ്‌തികയിൽ ആയതിനാൽ രണ്ടുപേരുടെയും സ്‌ഥലംമാറ്റ ഉത്തരവ് സർക്കാർ തലത്തിലാണ് ഇറങ്ങുക.
അതിജീവിതയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തിയ അഞ്ചു ജീവനക്കാരെ കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലേക്ക് കഴിഞ്ഞ ദിവസം സ്‌ഥലം മാറ്റിയിരുന്നു. അനിതയുടെ നിരുത്തരവാദപരമായ സമീപനവും ഏകോപനം ഇല്ലായ്‌മയുമാണ് മൊഴിമാറ്റാനായി അതിജീവിതയെ ഭീഷണിപ്പെടുത്താൻ കാരണമായതെന്നാണ് അന്വേഷണ റിപ്പോർട്. ഇത് പരിഗണിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ നടപടി സ്വീകരിച്ചത്.
Most Read| ജിഎസ്‌ടി വിഹിതം; 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി