ബത്തേരി: വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. പ്രജീഷ് മരിച്ചു പത്താം ദിവസമാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിൽ തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്‌ക്ക് സമീപത്തുള്ള കാപ്പിത്തോട്ടത്തിൽ വെച്ചാണ് കടുവ കെണിയിലായത്. ഡബ്ള്യൂഡബ്ള്യൂഎൽ 45 എന്ന കടുവയാണ് വനംവകുപ്പിന്റെ കൂട്ടിലായത്.
കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികൾ പരിഗമിക്കുകയാണ്. എന്നാൽ, കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവെച്ചു കൊല്ലണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കടുവയെ കൊല്ലാതെ ഇവിടെ നിന്ന് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നേരത്തെ കടുവയെ വെടിവെച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാൻ മൂന്ന് കൂടും വനംവകുപ്പ് സ്‌ഥാപിച്ചിരുന്നു.
അനുയോജ്യമായ സ്‌ഥലത്ത് എത്തിയാൽ കടുവയെ വെടിവെക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷാണ് (36) ഈ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചു എത്തിയപ്പോഴാണ് കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. അതേസമയം, കടുവ കൂട്ടിലായതോടെ പ്രദേശത്ത് നിലനിന്നിരുന്ന ഭീതി ഒഴിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്