ദുബായ്: ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി യുഎഇ വർധിപ്പിക്കുന്നു. ജൈവ ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കൂടി കണക്കിലെടുത്താണ് ജൈവ രീതിയിൽ ഉൽപാദിപ്പിച്ച ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി കൂട്ടാൻ യുഎഇ തീരുമാനിച്ചത്. ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ ബസ്‌മതി അരി ഇറക്കുമതി ചെയ്യുന്നത് സൗദിയും യുഎഇയുമാണ്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ബസ്‌മതി എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ (ബിഇഡിഎഫ്) നേതൃത്വത്തിൽ കയറ്റുമതി ലക്ഷ്യമിട്ട് വിവിധയിനം ജൈവ ബസ്‌മതിയുടെ ഉൽപാദനം കൂട്ടാനുള്ള പദ്ധതികൾക്ക് ഇന്ത്യയും തുടക്കം കുറിച്ചിട്ടുണ്ട്. കൃഷി വ്യാപകമാക്കുന്നതിനൊപ്പം വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കും. കീടനാശിനികൾ, വിഷാംശങ്ങൾ എന്നിവയുടെ സാന്നിധ്യമുണ്ടോയെന്നു കണ്ടെത്താനും ബസ്‌മതി നെല്ലിന്റെ നിലവാരം ഉറപ്പാക്കാനും മികച്ച ലബോറട്ടറി ആരംഭിച്ചു.
44.5 ലക്ഷം മെട്രിക് ടൺ ബസ്‌മതി അരിയാണ് ഈ വർഷം ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തത്. 433 കോടി ഡോളറിന്റെ നേട്ടം ഇതിലൂടെ ഉണ്ടായി. കഴിഞ്ഞ 10 വർഷത്തിനിടെ ബസ്‌മതി കയറ്റുമതി ഇരട്ടിയിലേറെ ആയെന്നാണ് റിപ്പോർട്ട്.
Also Read: 60 വയസ് കഴിഞ്ഞ 70000 പ്രവാസികളെ മടക്കി അയക്കാനൊരുങ്ങി കുവൈറ്റ്