പാലക്കാട്: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്‌നാട് അധികൃതർ നടത്തുന്ന പരിശോധനക്കിടെ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. ചാവടിപ്പാലത്തിന് സമീപം സജ്‌ജീകരിച്ച കേന്ദ്രത്തിലാണ് പരിശോധന നടത്തുന്നത്. ദേശീയപാത ബാരിക്കേഡുകൾ വെച്ച് അടച്ചതിനാൽ രണ്ട് ദിവസമായി പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ്. പരിശോധനക്കായി കാത്തിരിക്കുന്ന വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടുനിൽക്കും.
ചരക്കുലോറികളും, കെഎസ്ആർടിസി, തമിഴ്‌നാട് ട്രാൻസ്‌പോർട് ബസുകളും പരിശോധനാ കേന്ദ്രത്തിന് മുന്നിലൂടെയാണ് കടന്നുപോകുന്നത്. ഇതും വൻതിലുള്ള ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. ഇവയ്‌ക്ക് പരിശോധനക്കായി നിർത്തേണ്ടതില്ല. അതുകൊണ്ടുതന്നെ ദേശീയപാതയിലെ ബാരിക്കേഡുകൾ മാറ്റി വലിയ വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അതേസമയം, തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ വരും ദിവസങ്ങളിൽ അതിർത്തിയിലെ പരിശോധന കർശനമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നുള്ളവരെ മാത്രമാണ് തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്.
Most Read: ധീരജ് വധക്കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും