വിഴിഞ്ഞം തുരങ്കപാത: നിർമാണ രൂപരേഖ പരിസ്‌ഥിതി മന്ത്രാലയം മടക്കി

റെയിൽ പാതയുടെ ആകെയുള്ള 10.7 കിലോമീറ്റർ ദൂരത്തിൽ 9.02 കിലോമീറ്ററും ഭൂഗർഭ തുരങ്കമായിട്ടാണ് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്‌. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് പരിസ്‌ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതി രൂപരേഖ തിരിച്ചയത്.

By Central Desk, Malabar News
Vizhinjam Tunnel _ Environment Ministry has returned the outline
Representational image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ പരിസ്‌ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയതാണ് തിരിച്ചയക്കാൻ കാരണം. ആവശ്യപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി പരിസ്‌ഥിതി മന്ത്രാലയത്തിന് ഉടനെ റിപ്പോർട്ട് നൽകുമെന്ന് വിഴിഞ്ഞം അന്താരാഷ്‌ട്ര സീപോർട് ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു.

കരയിലൂടെയുള്ള റെയിൽ പാതയ്‌ക്ക് ആയിരുന്നു നേരത്തെ അനുമതി. ഇത് തുരങ്ക പാതയാക്കിയാണ് ഇപ്പോൾ രൂപരേഖ സമർപ്പിച്ചത്. ഇത് പരിസ്‌ഥിതി മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി തേടാതെയാണ്. ഇതാണ് രൂപരേഖ തിരിച്ചയക്കാൻ കാരണമായത്. കരയിലൂടെയുള്ള റെയിൽപാതക്ക് ആദ്യം ലഭിച്ച അനുമതി ഭൂമി ഏറ്റെടുക്കുന്നതിലടക്കം ഉണ്ടായ എതിർപ്പുകൾ കാരണം നിർത്തിവെക്കുകയും പാത ഭൂമിക്കടിയിലൂടെ ആക്കിമാറ്റാനുള്ള പദ്ധതി ആവിഷ്‍കരിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ആയിരുന്നു.

മന്ത്രാലയ അനുമതി ലഭിക്കുകയും പണികൾ പൂർത്തീകരിക്കുകയും ചെയ്‌താൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽ തുരങ്കപാത ഇതായിരിക്കും. ഒന്നാമത്തെ ഏറ്റവും നീളം കൂടിയ തുരങ്ക പാത, കശ്‌മീർ താഴ്‌വരയെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപാതയായ ‘പിർ പഞ്ചാൽ’ ഭൂഗർഭ റെയിൽപാതയാണ്(11 കി.മീ). ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂഗർഭ റെയിൽപാതയും ഇതാണ്. രണ്ടാമത്തെ ഏറ്റവും നീളം കൂടിയ തുരങ്ക പാത നിലവിൽ, ഏകദേശം 6 കിലോമീറ്ററോടെ കൊങ്കൺ റെയിൽ പാതയിലാണ്.

സെപ്റ്റംബറിൽ ചേർന്ന വിദഗ്‌ധ സമിതിയാണ് വിഴിഞ്ഞം തുരങ്കപാതയ്‌ക്ക് എതിരെ നിലപാടെടുത്തത്. പദ്ധതി പ്രദേശം മുതൽ ബാലരാമപുരം വരെ 10.7 കിലോമീറ്റർ വരെയാണ് നിർദിഷ്‌ട തുരങ്ക പാത. ഇതിൽ 9.02 കിലോമീറ്ററും ഭൂഗർഭ തുരങ്കമായിട്ടാണ് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്‌.

പാതയിൽ വെള്ളപ്പൊക്കം നേരിടുന്നതിനുള്ള സംവിധാനങ്ങൾ, തുരങ്ക പാതയിലെ മറ്റു അപകടങ്ങൾ നേരിടുന്നതിനുള്ള സംവിധാനങ്ങൾ, തുരങ്ക പാതക്ക് മുകളിലെ വിശദാംശങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടാണ് പാരിസ്‌ഥിതിക മന്ത്രാലയം തിരിച്ചയത്.

അതേസമയം, കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിഴിഞ്ഞം സമരപ്പന്തൽ തിങ്കളാഴ്‌ചയോടെ പൊളിച്ചുമറ്റും. പക്ഷെ, വിഴിഞ്ഞം തുറമുഖ സമരം ഇന്നലെ മുതൽ കൂടുതൽ ശക്‌തമാകുകയാണ്. സമരം മൂലം ഇതുവരെ 100 കോടി നഷ്‍ടം ഉണ്ടായതായും സമരം തുടർന്നാൽ അടുത്ത വർഷവും തുറമുഖ നിർമാണം തീരില്ലെന്നും അദാനി ഗ്രൂപ്പ് സംസ്‌ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

സമരം നയിക്കുന്ന വിഴിഞ്ഞം സമരസമിതിയുടെ സുപ്രധാന ആവശ്യം, തീരത്തെ ജൈവവ്യവസ്‌ഥക്ക് ഉണ്ടാകുന്ന അതീവഗുരുതര ആഘാതങ്ങളെക്കുറിച്ചും തീരദേശ വാസികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ചും ഗൗരവമായ പഠനമൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാൽ നിർമാണം നിർത്തിവെച്ച് പഠനം നടത്തണമെന്നുമാണ്.

Most Read: 66 കുട്ടികളുടെ മരണം; കഫ് സിറപ്പ് കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE