കാസർഗോഡ്: ജില്ലയിലെ കാറഡുക്കയിൽ കാട്ടാന ശല്യം രൂക്ഷമായി. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴിയിലാണ് കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നത്. പ്രദേശത്തെ ഏക്കറ് കണക്കിന് കൃഷിയിടങ്ങളാണ് കാട്ടാനകൾ നശിപ്പിച്ചിരിക്കുന്നത്. അതേസമയം, ജനവാസ മേഖലയിലാണ് ഇപ്പോൾ കാട്ടാനകൾ കൂടുതലായി ഇറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കർഷകരും ഇതുമൂലം ആശങ്കയിലാണ്.
ഏഴ് ആനകളാണ് കാറഡുക്ക പ്രദേശത്തെ ജനവാസമേഖലയിൽ തമ്പടിച്ചിരിക്കുന്നത്. ഇവ നാലേക്കറോളം സ്‌ഥലത്തെ കാർഷിക വിളകൾ നശിപ്പിച്ചിട്ടുണ്ട്. 5,000 വാഴകൾ, 60 തെങ്ങുകൾ, 170 കവുങ്ങുകൾ നിരവധി റബ്ബർ മരങ്ങൾ തുടങ്ങിയവയാണ് കാട്ടാനകൾ ഇതുവരെയായി നശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ നാശം വരുത്തിയിരുന്നു.
ജനവാസ മേഖലകളിൽ കാട്ടാനകൾ ഇറങ്ങുന്നതോടെ പ്രദേശത്തെ നാട്ടുകാർ ആശങ്കയിലാണ്. മുളിയാർ, ദേലമ്പാടി, ബെള്ളൂർ, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെ ആളുകളാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. അതേസമയം, ലക്ഷങ്ങൾ മുതൽമുടക്കി ഇറക്കിയ കൃഷിയാണ് കാട്ടാനകൾ നശിപ്പിക്കുന്നതെന്നും, ഇത് തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്‌ഥയിൽ ആകുമെന്നും കർഷകർ പറഞ്ഞു. കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
Read Also: ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതിക അനുമതി നൽകരുതെന്ന് ശുപാർശ