ഡെൽഹി: എല്‍ഡിഎഫ് വിടുമെന്ന് വ്യക്‌തമാക്കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍. എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഘടക കക്ഷിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്‍പ് തീരുമാനം വേണമെന്ന് ദേശീയ നേതൃത്വത്തോട് കാപ്പന്‍ ആവശ്യപ്പെട്ടു.
പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ഇന്ന് വൈകിട്ട് തീരുമാനം അറിയിക്കുമെന്നും കാപ്പന്‍ പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രൻ എൽഡിഎഫിൽ ഉറച്ചു നിന്നോട്ടെ, ദേശീയ നേതൃത്വം തനിക്ക് ഒപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാപ്പൻ പറഞ്ഞു.
അതേസമയം എകെ ശശീന്ദ്രനെ എന്‍സിപി ദേശീയ നേതൃത്വം ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു. ദേശീയ നേതാക്കള്‍ എകെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. പാലാ സീറ്റിൽ തുടങ്ങിയ തർക്കം ഇതോടെ മുന്നണി മാറ്റത്തിലേക്ക് എത്തുമെന്നാണ് സൂചന.
ശശീന്ദ്രന്‍ നേരത്തെ എല്‍ഡിഎഫില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാല് സീറ്റുകള്‍ എന്ന എന്‍സിപിയുടെ ആവശ്യം നിഷേധിക്കപ്പെട്ടിട്ടില്ല. പാലക്ക് പകരം മറ്റേതെങ്കിലും സീറ്റ് ലഭിക്കാനുള്ള സാധ്യതയും എകെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.