മാസപ്പടിക്കേസ്; ശശിധരൻ കർത്തയെ ഇഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു

സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ആലുവയിലെ വീട്ടിലെത്തിയാണ് ഇഡി സംഘം ചോദ്യം ചെയ്യുന്നത്.

By Trainee Reporter, Malabar News
sasidharan-karta
ശശിധരൻ കർത്ത
Ajwa Travels

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർണായക നീക്കം. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി സംഘം വീട്ടിലെത്തി ചോദ്യം ചെയ്യുകയാണ്. ആലുവയിലെ വീട്ടിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്.

ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശശിധരൻ കർത്തക്ക് ഇഡി സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹാജരാകാതിരുന്നത്. തിങ്കളാഴ്‌ച രാവിലെ ഹാജരായ ചീഫ് ഫിനാൻസ് ഓഫീസർ കെഎസ് സുരേഷ് കുമാർ, സീനിയർ മാനേജർ എൻസി ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്‌ജു റേച്ചൽ കുരുവിള എന്നിവരെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് വിട്ടയച്ചത്.

മാസപ്പടി ആരോപണത്തിൽ ആദായനികുതി വകുപ്പ് മുമ്പാകെ എക്‌സാലോജിക് കമ്പനിക്കെതിരെ മൊഴികൾ നൽകിയിരുന്ന ചീഫ് മാനേജർ പി സുരേഷ് കുമാർ, കാഷ്യർ വാസുദേവൻ എന്നിവരെ ഇഡി ഓഫീസിൽ ഇന്നലെ രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു. ഇഡി രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണ വെളുപ്പിക്കൽ നിരോധന കേസിലും നിർണായകമാണ്.

വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം നടക്കുന്നത്. സിഎംആർഎൽ എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017-20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകിയെന്ന കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്.

ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. എട്ടുമാസത്തിനകം അന്വേഷണ റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE