കോവിഡ് ബാധിച്ച 11 വയസുകാരിയുടെ തലച്ചോറിന് തകരാർ; ആദ്യ കേസ് എയിംസിൽ

By News Desk, Malabar News
11-year-old-girl-with-covid-suffers-brain-damage
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 11 വയസുകാരിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (എയിംസ്) ഇത്തരമൊരു കേസ് ആദ്യമായി കണ്ടെത്തിയത്. പെൺകുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതോടെ കാഴ്‌ചക്കും തകരാർ ഉണ്ടായിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ആദ്യമായാണ് പീഡിയാട്രിക് പ്രായത്തിലുള്ളവരിൽ കോവിഡ് മറ്റ് രോഗങ്ങൾക്ക് കാരണമാകുന്നത് കണ്ടെത്തുന്നതെന്ന് ചൈൽഡ് ന്യൂറോളജി വിഭാഗം വ്യക്‌തമാക്കി. കുട്ടിയുടെ ആരോഗ്യസ്‌ഥിതി വ്യക്‌തമാക്കിയുള്ള പ്രത്യേക റിപ്പോർട്ട് ഉടൻ പുറത്തു വിടും.

മനുഷ്യശരീരത്തിലെ ഞരമ്പുകൾ മയലിൻ എന്ന ആവരണത്താൽ മൂടപ്പെട്ടതാണ്. ഇത്, തലച്ചോറിൽ നിന്നുള്ള സന്ദേശങ്ങൾ വളരെ വേഗത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ സഹായിക്കുന്നു. മയലിൻ ഉറക്ക് നാശം സംഭവിക്കുന്നതും തലച്ചോറിലേക്ക് കൃത്യമായ സൂചനകൾ ലഭിക്കാതിരിക്കുന്നതും കാഴ്‌ച, പേശീ ചലനങ്ങൾ, പഞ്ചേന്ദ്രിയങ്ങൾ, മലവിസർജനം എന്നിവയെ ദോഷകരമായി ബാധിക്കും. വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

കാഴ്‌ച നഷ്‌ടപ്പെടുന്നു എന്ന് പറഞ്ഞാണ് പെൺകുട്ടി എത്തിയത്. എംആർഐ സ്‌കാനിങ് നടത്തിയപ്പോഴാണ് തലച്ചോറിന് തകരാർ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതൊരു പുതിയ സംഭവമാണ്. എങ്കിലും, കൊറോണാ വൈറസ് പ്രധാനമായും തലച്ചോറിനെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നതെന്ന് ഇപ്പോൾ അറിയാൻ സാധിച്ചിട്ടുണ്ട്. കോവിഡ് മൂലമാണ് ഇത് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി കേസ് റിപ്പോർട്ട് പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്- എയിംസിലെ ചൈൽഡ് ന്യൂറോളജി വിഭാഗം മേധാവി ഡോ.ഷെഫാലി ഗുലാത്തി വ്യക്‌തമാക്കി.

തുടർന്ന്, ഇമ്യൂണോതെറാപ്പിയിലൂടെ പെൺകുട്ടിയുടെ അവസ്‌ഥ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. 50 ശതമാനത്തോളം കാഴ്‌ച തിരിച്ചുകിട്ടിയതിന് പിന്നാലെയാണ് കുട്ടിയെ ഡിസ്‌ചാർജ് ചെയ്‌തത്‌. അതേസമയം, കോവിഡ് ബാധിച്ച 13 വയസുകാരി പനിയും തലച്ചോറിന് വീക്കവുമായി എയിംസിൽ ചികിൽസയിലുണ്ട്. കോവിഡ് മൂലമാണോ ഇത്തരം അസുഖം ബാധിച്ചതെന്ന് സ്‌ഥിരീകരിക്കാനുള്ള പരിശോധനകൾ നടന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE