‘സധൈര്യം മുന്നോട്ട്’; പരിശീലനം പൂര്‍ത്തിയാക്കിയത് 13 ലക്ഷം പേര്‍

By Staff Reporter, Malabar News
kerala image_malabar news
സ്വയം പ്രതിരോധ പരിശീലന പരിപാടിയില്‍ നിന്നും
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാരിന്റെ ‘സധൈര്യം മുന്നോട്ട്’ പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ സ്വയം പ്രതിരോധ പരിശീലന പദ്ധതിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചത് സ്‍ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 13 ലക്ഷം പേര്‍. കേരള പോലീസിന്റെ നേതൃത്വത്തിലാണ് പരിശീലനം.

കേരളത്തിലുടനീളം സ്‌കൂളുകള്‍, കോളേജുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഓഫീസുകള്‍, റസിഡന്‍ഷ്യല്‍ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കുന്നത്. ആയുധമില്ലാതെ സ്വയം പ്രതിരോധിക്കാനും അക്രമിയെ നിശ്ചലനാക്കാനുമുളള പരിശീലനമാണ് ഇതിലൂടെ നല്‍കുന്നത്. ഇസ്രയേലി കമാന്‍ഡോകള്‍ പരിശീലിക്കുന്ന ഏറ്റവും അപകടകരമായ പ്രതിരോധ കലയായ ക്രാവ് മാഗ അടിസ്‌ഥാനമാക്കിയാണ് പരിശീലനം.

തെരഞ്ഞെടുക്കപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്‌ഥരാണ് പരിശീലനം നല്‍കുന്നത്. ഓരോ ജില്ലയിലും നാലു മാസ്‌റ്റര്‍ ട്രെയിനര്‍മാരാണുള്ളത്. സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അക്രമണങ്ങളെ ഇതിലൂടെ പ്രതിരോധിക്കാനാവും. ഒരാള്‍ക്ക് 20 മണിക്കൂര്‍ നേരത്തെ പരിശീലനമാണ് നല്‍കുന്നത്. ഓരോ ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂര്‍ നേരത്തെ പരിശീലനം നല്‍കുന്നുണ്ട്.

അക്രമങ്ങളെ മുന്‍കൂട്ടി തിരിച്ചറിയുക, അത്തരം സാഹചര്യങ്ങളില്‍ എത്തിപ്പെടാതിരിക്കുന്നതിന് ഉളള മുന്‍കരുതലുകള്‍ പകര്‍ന്നു നല്‍കുക, അക്രമ സാഹചര്യങ്ങളില്‍ മനോധൈര്യത്തോടെ അക്രമിയെ നേരിടുന്നതിന് മാനസികവും കായികവുമായി സജ്‌ജരാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

Read Also: നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

2019- 20ല്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം 18,055 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷത്തിനിടെ ജില്ലയിലെ 68 സ്‌കൂളുകളിലും 31 കോളേജുകളിലും പരിശീലന പരിപാടി സംഘടിപ്പിച്ചു. കൂടാതെ തലസ്‌ഥാനത്തെ 162 കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകളിലും പരിശീലനം പൂര്‍ത്തിയായി.

സംസ്‌ഥാനത്തിന് പുറത്ത് വിവിധ ട്രേഡ് ഫെയറുകളിലും ഇതിന്റെ പ്രാധാന്യം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ന്യൂ ഡെല്‍ഹിയിലെ അന്താരാഷ്‌ട്ര ട്രേഡ് ഫെയര്‍, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിക്കപ്പെട്ടത്.

Read Also: ‘ഹലാല്‍ ലവ് സ്‌റ്റോറി’ ട്രെയിലര്‍ പുറത്തിറങ്ങി 

നിരവധി സ്‍ത്രീകള്‍ തങ്ങള്‍ പരിശീലനത്തിലൂടെ സ്വയം സുരക്ഷിതരാകാനുള്ള ആത്‌മവിശ്വാസം കൈവരിച്ചതായി സാക്ഷ്യപ്പെടുത്തുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ ബസുകളിലെ ശല്യപ്പെടുത്തലുകള്‍ തടഞ്ഞതും, മാലപൊട്ടിക്കാന്‍ വന്നവരെ പ്രതിരോധിച്ചതുമായ നിരവധി സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

മാലപൊട്ടിക്കല്‍, ബാഗ് തട്ടിപ്പറിക്കല്‍, ശാരീരികമായ അക്രമണങ്ങള്‍, ലൈംഗികമായി ഉപദ്രവിക്കാനോ കീഴ്പെടുത്താനോ ഉള്ള ശ്രമം, ആസിഡ് അക്രമണം തുടങ്ങി വിവിധ സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന അഭ്യാസമുറകളും ഇതിലൂടെ പരിശീലിപ്പിക്കുന്നുണ്ട്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലകളിലെ സെല്‍ഫ് ഡിഫന്‍സ് നോഡല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഇതിന് പുറമെ 9497970323 എന്ന നമ്പറില്‍ വിളിച്ചും രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്.

National News: ഡെല്‍ഹി സര്‍ക്കാരിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE