പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനങ്ങൾ നടന്നത്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും ഫോൺ നമ്പറും പ്രതികൾ പ്രചരിപ്പിച്ചു. ഈ ദൃശ്യങ്ങൾ കാട്ടി സമ്മർദ്ദത്തിലാക്കിയാണ് കുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചതെന്നാണ് വിവരം.
പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്കാണ് പ്രതികളിൽ പലരും അശ്ളീല ദൃശ്യങ്ങൾ അയച്ചത്. വാട്സ് ആപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഉണ്ടായിരുന്നു. ദൃശ്യങ്ങൾ ഇനിയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചും പെൺകുട്ടി പീഡനത്തിനിരയായി.
സ്വകാര്യ ബസിനുള്ളിൽ വെച്ചായിരുന്നു പീഡനമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയുടെ രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല. അതിനാൽ തന്നെ അച്ഛന്റെ ഫോൺ പെൺകുട്ടിയാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളും തമ്മിലുള്ള ആശയവിനിമയം നടന്നിരുന്നത്.
കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വൈകി പമ്പയിൽ നിന്ന് മൂന്നുപേരും പിടിയിലായിരുന്നു. രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ, മൽസ്യവിൽപ്പനക്കാരൻ, പ്ളസ് ടു വിദ്യാർഥി, നവവരൻ തുടങ്ങിയവർ ഉൾപ്പെടെയാണ് ഇതുവരെ പിടിയിലായവരിൽ ഉള്ളത്. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാവാനാണ് സാധ്യത.
അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്ന കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ പലരും ഒളിവിലാണ്. 62 പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 13ആം വയസിൽ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്താണെന്നാണ് പെൺകുട്ടിയുടെ മൊഴി.
പെൺകുട്ടിയുടെ മൊഴി അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. പത്തനംതിട്ട പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മഹിളാ മന്ദിരത്തിലേക്ക് മാറ്റിയ കുട്ടിക്ക് ആവശ്യമായ കൗൺസിലിങ്ങും നൽകുന്നുണ്ട്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്ക്ക്