പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാർ അന്വേഷണത്തിന് നേതൃത്വം നൽകും.
പത്തനംതിട്ട ഇൻസ്‌പെക്‌ടർ ഡി ഷിബുകുമാർ, ഇലവുംതിട്ട ഇൻസ്‌പെക്‌ടർ ടികെ വിനോദ് കൃഷ്‌ണൻ, റാന്നി ഇൻസ്‌പെക്‌ടർ ജിബു ജോൺ, വനിതാ സ്‌റ്റേഷൻ എസ്‌ഐ കെആർ ഷെമി മോൾ ഉൾപ്പടെ വിവിധ സ്‌റ്റേഷനുകളിലെ വ്യത്യസ്‌ത റാങ്കുകളിൽപ്പെട്ട 25 പോലീസ് ഉദ്യോഗസ്‌ഥർ അടങ്ങുന്നതാണ് അന്വേഷണ സംഘം.
അന്വേഷണപുരോഗതി ദിവസവും ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തും. ശാസ്‌ത്രീയ തെളിവുകൾ ശേഖരിച്ചും മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതേസമയം, കേസിൽ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 27 ആയി. സംഭവത്തിൽ കൂടുതൽ കേസുകളെടുത്ത പത്തനംതിട്ട പോലീസ്, ആറ് യുവാക്കളെ റാന്നിയിൽ നിന്ന് പിടികൂടി.
പി ദീപു, അനന്ദു പ്രദീപ്, അരവിന്ദ്, വിഷ്‌ണു, ബിനു ജോസഫ് എന്നിവരെയാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് ചെയ്‌തത്. പത്തനംതിട്ട പോലീസ് രജിസ്‌റ്റർ ചെയ്‌ത മൂന്ന് കേസുകളിൽ ഒന്നിലെ അഞ്ചുപ്രതികളും, ഇലവുംതിട്ട സ്‌റ്റേഷനിലെ കേസിലെ ഒരു പ്രതിയും ഉൾപ്പടെയാണിത്. അഭിലാഷ് കുമാറാണ് ഇലവുംതിട്ടയിലെ കേസിലെ പ്രതി.
പത്തനംതിട്ടയിലെ രണ്ട് കേസുകളിലായി മൂന്ന് പ്രതികൾ പിടിയിലാവാനുണ്ട്. ഈ കേസുകളിൽ കണ്ണൻ, അക്കു ആനന്ദ്, ഒരു കൗമാരക്കാരൻ എന്നിങ്ങനെ പിടിയിലായി. ഇരു സ്‌റ്റേഷനുകളിലും പുതിയ കേസുകൾ രജിസ്‌റ്റർ ചെയ്‌തുവരികയാണ്. കുട്ടിയുടെ മൊഴിപ്രകാരം ഇലവുംതിട്ടയിൽ ഒമ്പത് എഫ്ഐആറുകളാണ് പുതുതായി രജിസ്‌റ്റർ ചെയ്‌തത്. ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.
പത്തനംതിട്ട സ്‌റ്റേഷനിൽ പുതുതായി ഒരു കേസ് കൂടിയെടുത്തു. ഒരാൾ പിടിയിലായി. ലിജോ ആണ് അറസ്‌റ്റിലായത്. ഇതോടെ പത്തനംതിട്ട പോലീസ് രജിസ്‌റ്റർ ചെയ്‌ത ആകെ ഏഴ് കേസുകളിലായി 21 പ്രതികൾ അറസ്‌റ്റിലായി. ഇതിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇലവുംതിട്ടയിൽ ആകെ ആറ് പേരും അറസ്‌റ്റിലായി. പീഡന സംഭവങ്ങളിൽ രണ്ട് സ്‌റ്റേഷനുകളിലുമായി ഇതുവരെ 27 പ്രതികളാണ് അറസ്‌റ്റിലായതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനങ്ങൾ നടന്നത്. പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും ഫോൺ നമ്പറും പ്രതികൾ പ്രചരിപ്പിച്ചു. ഈ ദൃശ്യങ്ങൾ കാട്ടി സമ്മർദ്ദത്തിലാക്കിയാണ് കുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചതെന്നാണ് വിവരം. പ്രതികളിൽ പലരും ഒളിവിലാണ്. 62 പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
13ആം വയസിൽ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്താണെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ മൊഴി അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. പത്തനംതിട്ട പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മഹിളാ മന്ദിരത്തിലേക്ക് മാറ്റിയ കുട്ടിക്ക് ആവശ്യമായ കൗൺസിലിങ്ങും നൽകുന്നുണ്ട്.
അതേസമയം, സ്‌ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുയിടങ്ങളിൽ സ്‌ത്രീകൾ സുരക്ഷിതരായിരിക്കണം. സ്‌ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന സർക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉൽഘാടനം ചെയ്യവേ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ








































