ടെഹ്‌റാൻ: ഇറാൻ-യുഎസ് സംഘർഷം പശ്‌ചിമേഷ്യയാകെ വ്യാപിക്കുന്നു. യുഎഇയിലെ ഫുജൈറ തുറമുഖത്ത് ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് തീപിടിത്തമുണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്‌ട്രി സോണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി യുഎഇ അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം നാലാംദിനവും തുടരുകയാണ്. ആക്രമണം പ്രതിരോധിക്കുന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനം തകർക്കുകയായിരുന്നു.
അവശിഷ്‌ടങ്ങൾ വീണ ഉടൻ തന്നെ ഏജൻസി ടീമുകൾ സ്‌ഥലത്തെത്തി നടപടികൾ സ്വീകരിച്ചതായി ഫുജൈറ അധികൃതർ പ്രസ്‌താവനയിൽ പറഞ്ഞു. അതിനിടെ, ഇറാനിലെ കെർമൻ പ്രവിശ്യയിൽ യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു.
ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ഖത്തർ വ്യോമപാത അടച്ചു. ഇതേത്തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. വ്യോമപാത തുറക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചാലുടൻ സർവീസുകൾ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
കുവൈത്തിലെ യുഎസ് എംബസി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചതായി എംബസി വ്യക്‌തമാക്കി. നേരത്തെ, സൗദിയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെയും ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചതായും സൗദി പ്രതിരോധ മന്ത്രാലയ വക്‌താവ് അറിയിച്ചു.
എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ കൂടാതെ റിയാദിൽ പുതിയ സ്‌ഫോടന ശബ്‌ദം റിപ്പോർട് ചെയ്‌തിട്ടുണ്ട്. എംബസി ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അബുദാബിയിലേക്ക് പോവുകയായിരുന്ന രണ്ട് ഇത്തിഹാദ് എയർലൈൻസ് ഒമാൻ ആസ്‌ഥാനമായ മസ്‌കത്തിലേക്ക് തിരിച്ചുവിട്ടു. സൗദിയിലുള്ള കനേഡിയൻ എംബസിയും അടച്ചു.
ബഹ്‌റൈനിലെ യുഎസ് താവളത്തിന് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഷെയ്ഖ് ഇസ മേഖലയിൽ സ്‌ഥിതി ചെയ്യുന്ന താവളത്തിന് നേർക്കാണ് ആക്രമണം ഉണ്ടായത്. പ്രധാന കമാൻഡ്, ഹെഡ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു. അതേസമയം, ആക്രമണത്തിൽ ഇറാനിൽ മരണസംഖ്യ 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റാണ് കണക്കുകൾ പുറത്തുവിട്ടത്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി









































