വാഷിങ്ടൻ: അമേരിക്കയുമായി ഇറാൻ നേതൃത്വം ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചെന്നും എന്നാൽ അതിനുള്ള സമയം വളരെയധികം വൈകിയെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടി നാലാം ദിനത്തിലേക്ക് കടന്ന വേളയിലാണ് ഇറാൻ ചർച്ചകൾക്ക് ആഗ്രഹിക്കുന്നുവെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്.
”അവരുടെ വ്യോമപ്രതിരോധ സംവിധാനം, നാവികസേനാ, വ്യോമസേന നേതൃത്വം എല്ലാം പോയി. സംസാരിക്കണമെന്ന് അവർ പറഞ്ഞു. വളരെ താമസിച്ചു പോയെന്ന് ഞാൻ പറഞ്ഞു”- ട്രംപ് സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
ഇസ്രയേൽ- യുഎസ് സംയുക്‌തമായി ഇറാനെതിരെ തിരിഞ്ഞപ്പോൾ, ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങളും എണ്ണശുദ്ധീകരണ ശാലകളും ഇറാൻ ലക്ഷ്യം വെച്ചിരുന്നു. അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട 165 കുട്ടികൾക്ക് ഇറാനിൽ കൂട്ടസംസ്‌കാരം നടത്തി.
കൊല്ലപ്പെട്ട കുട്ടികൾക്കായി ഒരുക്കിയ കബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചു. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് 160ലധികം കുട്ടികൾ കൊല്ലപ്പെട്ടത്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി







































