ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. എന്നാൽ, ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.
അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതൻ ആയത്തുള്ള അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാൻ നിയോഗിച്ചിരുന്നു. പ്രസിഡണ്ട് മസൂദ് പെഷസ്‌കിയാൻ, നീതിന്യായ പണ്ഡിതൻ ഗുലാം ഹുസൈൻ മുഹ്സനി ഇസെയ് എന്നിവരാണ് മറ്റംഗങ്ങൾ.
അതിനിടെ, അമേരിക്കയ്‌ക്കും ഇസ്രയേലിനുമെതിരെ ഒരു നീണ്ട യുദ്ധത്തിന് ഇറാൻ തയ്യാറാണെന്നും ഇതുവരെ അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ”ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്‌തതിനേക്കാൾ കൂടുതൽ കാലം പ്രതിരോധിക്കാനും ആക്രമണാൽമക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങൾക്കുണ്ട്.”- മന്ത്രാലയ വക്‌താവ് റെസ തലായി നിക്ക് പറഞ്ഞു.
ഞങ്ങളുടെ എല്ലാ നൂതന ആയുധങ്ങളും ഉപകരണങ്ങളും ആദ്യ ദിവസങ്ങളിൽ തന്നെ ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ദുബായിലെ യുഎസ് കോൺസുലേറ്റ് ആക്രമിക്കാനും യുഎസ് ശ്രമം നടത്തി. കോൺസുലേറ്റിന് സമീപമുള്ള പ്രദേശത്ത് നിന്ന് പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്.
തീപിടിത്തം നിയന്ത്രിക്കാൻ സാധിച്ചതായി ദുബായ് അധികൃതർ അറിയിച്ചു. സൗദി അറേബ്യയുടെ തലസ്‌ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെയും ആക്രമണം നടന്നിരുന്നു. അതിനിടെ, കിഴക്കൻ ലബനനിലെ കെട്ടിടത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധി മരണങ്ങൾ റിപ്പോർട് ചെയ്‌തു.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി







































