വാഷിങ്ടൻ: ഇറാനിലെ യുഎസ് നടപടികൾ അവസാനിച്ചാൽ അടുത്തതായി ക്യൂബയിൽ ശ്രദ്ധതിരിക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിൽ സംഭവിക്കുന്നത് അത്ഭുതമാണ്. ആദ്യം ഇതൊന്ന് കഴിയട്ടെ. അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നും ട്രംപ് ക്യൂബയെ ചൂണ്ടിക്കാട്ടി പറഞ്ഞു.
വൈറ്റ് ഹൗസിലെ ചടങ്ങിൽ സംബന്ധിക്കുമ്പോഴാണ് ക്യൂബയെ ലക്ഷ്യമിട്ട് ട്രംപ് ഭീഷണി മുഴക്കിയത്. ഫെബ്രുവരി 27നും ക്യൂബയെ ‘സൗഹൃദപരമായി ഏറ്റെടുക്കുമെന്ന്’ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസിന്റെ ഉപരോധം നേരിടുന്ന രാജ്യമാണ് ക്യൂബ.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്. അടുത്തിടെ വെനസ്വേലയിൽ യുഎസ് സൈനിക ഓപ്പറേഷൻ നടത്തിയതിന് ശേഷം ക്യൂബയുടെ നില പരുങ്ങലിലായിരുന്നു. വെനസ്വേലയിൽ നിന്നാണ് ക്യൂബയ്ക്ക് ആവശ്യമായ എണ്ണ ലഭിച്ചിരുന്നത്.
ക്യൂബ തങ്ങൾക്ക് ആവശ്യമായ ഇന്ധനത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെനസ്വേലയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ ക്യൂബയുടെ ഇന്ധനശേഖരം കുറഞ്ഞുവരികയാണ്. ഊർജ പ്രതിസന്ധി മൂലം ദിവസം 20 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ലോഡ്ഷെഡിങ് ക്യൂബയിലുണ്ട്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി









































