ടെഹ്‌റാൻ: ഇറാന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ഇറാന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.
ഇറാന് ഇന്ന് ശക്‌തമായ തിരിച്ചടി നൽകുമെന്നും ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. ഇതുവരെ ലക്ഷ്യമിടാതിരുന്ന ചില മേഖലകളെയും ഗ്രൂപ്പുകളെയും പൂർണമായി നശിപ്പിക്കാനും ഇല്ലാതാക്കാനും യുഎസ് ഗൗരവമായി ആലോചിക്കുന്നതായും ട്രംപ് പറഞ്ഞു.
”ഇറാൻ തങ്ങളുടെ അയൽരാജ്യങ്ങളോട് മാപ്പ് പറയുകയും കീഴടങ്ങുകയും ചെയ്‌തിരിക്കുന്നു. ഇനി അവർക്ക് നേരെ വെടിയുതിർക്കില്ലെന്ന് ഇറാൻ വാഗ്‌ദാനം നൽകി. അമേരിക്കയുടെയും ഇസ്രയേലിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത ആക്രമണം കാരണമാണ് ഈ വാഗ്‌ദാനം ഉണ്ടായത്. പശ്‌ചിമേഷ്യ കീഴടക്കി ഭരിക്കാനായിരുന്നു അവർ നോക്കിയിരുന്നത്.
ആയിരക്കണക്കിന് വർഷങ്ങൾക്കിടയിൽ ആദ്യമായാണ് അയൽരാജ്യങ്ങളോട് ഇറാൻ പരാജയപ്പെടുന്നത്. ആ രാജ്യങ്ങൾ എന്നോട് നന്ദി പറഞ്ഞു. ഞാൻ അതിനെ സ്വാഗതം ചെയ്‌തു. ഇറാൻ തോറ്റവരാണ്. അവർ കീഴടങ്ങുന്നത് വരെയോ, അല്ലെങ്കിൽ പൂർണമായും തകരുന്നത് വരെയോ ദശകങ്ങളോളം അങ്ങനെ തന്നെയായിരിക്കും”- ട്രംപ് പറഞ്ഞു.
ഇസ്രയേലും യുഎസുമായുള്ള യുദ്ധത്തിൽ മറ്റു അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇറാനെ ആക്രമിച്ചാൽ മാത്രമേ ഇനി അയൽ രാജ്യങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകൂ എന്നുമാണ് ഇറാൻ പ്രസിഡണ്ട് നേരത്തെ പറഞ്ഞത്.
അതിനിടെ, ടെഹ്റാനിൽ രാത്രി നടത്തിയ ആക്രമണങ്ങളിൽ ഇറാൻ വ്യോമസേനയുടെ 16 വിമാനങ്ങൾ നശിപ്പിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാൻ തലസ്‌ഥാനത്ത് ഉടനീളം വ്യോമസേന ശക്‌തമായ ആക്രമണങ്ങൾ നടത്തിയെന്നും മെഹ്‌റാബാദ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായെന്നും ഇസ്രയേൽ സൈന്യം പ്രസ്‌താവനയിൽ പറഞ്ഞു.
Most Read| അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം






































