പൊന്നാനി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പൊന്നാനിക്കാർക്ക് സുപരിചിതനുമായ ടിഎം സിദ്ദീക്കിനെ സ്‌ഥാനാർഥി ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കിയ നിമിഷം മുതൽ യുഡിഎഫിന് വിജയം ഉറപ്പായിരുന്ന സീറ്റിൽ രാഷ്‌ട്രീയ നിരീക്ഷകർ പോലും പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷം മുവായിരത്തിനും അയ്യായിരത്തിനും ഇടയിലായിരുന്നു. അതിനെ മൂന്നിരട്ടി ദൂരത്തിലേക്ക് മറികടന്നാണ് കെപി നൗഷാദലി ചരിത്രം രേഖപ്പെടുത്തുന്നത്.
അതും 1957ൽ മണ്ഡലം രൂപം കൊണ്ടകാലം മുതൽ ഇന്നുവരെ കോൺഗ്രസിനോ യുഡിഎഫിനോ ലഭിക്കാത്ത റെക്കോർഡ് ഭൂരിപക്ഷമായ 13, 267 വോട്ടിന്. കഴിഞ്ഞ 69 വർഷത്തെ പൊന്നാനിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മുൻപ് പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം നേടിയവർ ആകെ മൂന്നു പേർ മാത്രമാണ്. അവർ മൂന്നുപേരും സിപിഎമ്മിൽ നിന്നുമാണ്. പി നന്ദകുമാർ (സിപിഎം-17,043), പി ശ്രീരാമകൃഷ്‌ണൻ (സിപിഎം-15,640), പാലോളി മുഹമ്മദ്‌കുട്ടി (സിപിഎം-28,347) എന്നിവരാണത്.
കെപിസിസി സെക്രട്ടറി എന്ന നിലയിൽ രണ്ടുവർഷം മുൻപ് മുതൽ പൊന്നാനിയിൽ തമ്പടിച്ച് അടിത്തട്ടുമുതൽ യുഡിഎഫിനെയും കോൺഗ്രസിനെയും പുനരുജ്‌ജീവിപ്പിക്കാനും വിശേഷിച്ചും യുവസമൂഹത്തിനിടയിൽ സ്‌ഥാനം ഉറപ്പിക്കാനും ഒപ്പം തന്നെ തീരദേശം മുതൽ പൊന്നാനിയുടെ ഉൾപ്രദേശങ്ങളിൽ വരെ ഓടിയെത്തി പ്രദേശവാസികളുമായി ബന്ധം സ്‌ഥാപിക്കാനും കെപി നൗഷാദലി നടത്തിയിട്ടുള്ള പരിശ്രമങ്ങൾ പൊന്നാനിയിൽ ഇന്നുവരെ ഒരു രാഷ്‌ട്രീയ നേതാവും നടത്തിയിട്ടില്ല എന്നുവേണം പറയാൻ.
കൂടാതെ, പൊന്നാനിയുടെ സാമൂഹിക സേവനരംഗത്തും സാംസ്‌കാരിക രംഗത്തും അർഹതയുള്ളവർക്ക് സഹായമെത്തിക്കാനും നൗഷാദലി എന്ന ഒറ്റയാൾ പട്ടാളം നടത്തിയിട്ടുള്ള പരിശ്രമങ്ങൾ അഭിനന്ദനീയമായിരുന്നു. അതുകൊണ്ടുതന്നെ യുഡിഎഫ് സ്‌ഥാനാർഥിയായി കെപി നൗഷാദലിയെ പ്രഖ്യാപിച്ചപ്പോൾ പൊന്നാനിയിൽ മൽസരം ശക്‌തമാകുമെന്ന് ഉറപ്പായിരുന്നു.
എന്നാൽ, പൊന്നാനിയുടെ സാമൂഹിക മുഖമായിരുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടിഎം സിദ്ധിഖിനെ ഇത്തവണയും പരിഗണിക്കാതെ, മുൻപ് തന്നെ അർഹിക്കുന്നതിനപ്പുറം നിരവധി സ്‌ഥാനമാനങ്ങൾ നേടിയ അഡ്വ. എംകെ സക്കീറിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ കെപി നൗഷാദലിയുടെ വിജയം യുഡിഫ് നേതൃത്വവും രാഷ്‌ട്രീയ നിരീക്ഷകരും ഉറപ്പിച്ചിരുന്നു. പക്ഷെ, അത് പൊന്നാനിയിലെ യുഡിഎഫിന്റെ ചരിത്ര ഭൂരിപക്ഷമായ 13, 267 എന്ന സംഖ്യയോടെ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
2001ൽ യുഡിഎഫിലെ എംപി ഗംഗാധരന് ശേഷം 2006ൽ പാലോളി മുഹമ്മദ് കുട്ടിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ച എൽഡിഎഫ് തുടർച്ചയായ 20 വർഷം മണ്ഡലം കൈവിട്ടിരുന്നില്ല. അതാണിപ്പോൾ ഇനിയൊരിക്കലും എൽഡിഎഫിന് തിരിച്ചുപിടിക്കാൻ സാധിക്കാത്ത രീതിയിൽ യുഡിഎഫിന് വേണ്ടി കെപി നൗഷാദലി ചരിത്രം രേഖപ്പെടുത്തി നേടിയിരിക്കുന്നത്.
മൽസ്യ തൊഴിലാളികൾക്ക് സഹായകമാകുന്ന തുറമുഖ പദ്ധതി, കടൽ ഭിത്തികളുടെ പോരായ്‌മ, വീടുകളുടെ സുരക്ഷ ഉൾപ്പടെയുള്ള തീരദേശ മേഖലയുടെ പിന്നാക്കാവസ്‌ഥയുടെ പരിഹാരം, പൊന്നാനി ടൗണിലെ ഗതാഗത പ്രശ്‌നം, നൂറനാട് തോടിന്റെ വികസനം, കായിക രംഗത്തെ വികസനം, നിളാതീര വികസനം തുടങ്ങിയവ മുന്നിൽ വെച്ചാണ് നൗഷാദലി വോട്ടർമാരെ നേരിട്ടത്.
MOST READ | തമിഴ്‌നാട്ടിൽ ടിവികെ; ബംഗാളിൽ ടിഎംസി യുഗത്തിന് അന്ത്യം, അസമിൽ ബിജെപി
































