തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകൾ ഇന്ന് റിപ്പോർട് ഹൈക്കമാൻഡിന് സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും.
കേരളത്തിലെ നിലവിലെ സാഹചര്യവും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിരീക്ഷകർ രാഹുലിനെയും ഖർഗെയെയും ധരിപ്പിക്കും. ശേഷം ഹൈക്കമാൻഡ് കേരളത്തിൽ നിന്നുള്ള നേതാക്കളെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോർട്. തുടർന്നായിരിക്കും മുഖ്യമന്ത്രി ആരെന്നതിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
ഞായറാഴ്‌ച തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് നീക്കം. ഡെൽഹിയിൽ തുടരുന്ന കെസി. വേണുഗോപാൽ പിൻമാറാൻ സന്നദ്ധത അറിയിച്ചാൽ അദ്ദേഹം നിർദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കും.സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെസി കൂടിക്കാഴ്‌ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി കെസി. വേണുഗോപാലും രമേശ് ചെന്നിത്തലയും നടത്തുന്ന ചരടുവലികൾ നേതൃത്വത്തെ കുഴപ്പത്തിലാക്കുന്നുണ്ട്. എല്ലാവരെയും തൃപ്‌തിപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡിന് ഒരു അന്തിമ തീരുമാനം എടുക്കേണ്ടതായി വരും.
അതേസമയം, മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലെ പ്രതിഷേധങ്ങളിലേക്ക് നീങ്ങിയതിൽ രാഹുൽ ഗാന്ധിക്ക് കടുത്ത അതൃപ്‌തിയുണ്ടെന്നാണ് റിപ്പോർട്. രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്‌റ്റിൽ കേരളത്തിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കൂട്ടത്തോടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
കേരളത്തിൽ നടക്കുന്ന ഫ്‌ളക്‌സ് പോരും തെരുവിലെ മാർച്ചുകളും പാർട്ടിക്ക് ഗുണം ചെയ്യില്ല. മുതിർന്ന നേതാക്കൾ അണികളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണം എന്നാണ് ഹൈക്കമാൻഡിന്റെ ആഗ്രഹം. അതിൽ നേതാക്കൾ വിട്ടുവീഴ്‌ച വരുത്തിയാൽ കനത്ത വില നൽകേണ്ടിവരുമെന്നും പാർട്ടിയുടെ ദേശീയ നേതാക്കൾ പറഞ്ഞു.
കെസി. വേണുഗോപാലിന് അനുകൂല കാറ്റ്?
എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്‌ഥാന രാഷ്‌ട്രീയത്തിൽ വീശുന്നത്. എഐസിസി നിരീക്ഷകൾ സംസ്‌ഥാനത്ത് നടത്തിയ കൂടിക്കാഴ്‌ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും കെസിയുടെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. സണ്ണി ജോസഫിനെ കൂടാതെ, സന്ദീപ് ജി. വാര്യർ, സജീവ് ജോസഫ്, ടിഒ. മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും കെസിയെ പിന്തുണച്ചുവന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, മുഖ്യമന്ത്രി പദത്തിലേക്ക് ശക്‌തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്‌ക്ക് കനത്ത തിരിച്ചടിയാണ് എംഎൽമാരുടെ നിലപാട് നൽകുന്നത്. ചെന്നിത്തലയ്‌ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോർട്. ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട വിഡി. സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
വിഡി. സതീശനെ അനുകൂലിക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചതെന്നാണ് സൂചന. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പ്രത്യേകിച്ച് ആരുടേയും പേര് നിർദ്ദേശിച്ചിട്ടില്ലെന്നും കേരളത്തിലെ ജനവികാരം കണക്കിലെടുത്ത് വേണം ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കാനെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ പക്ഷം.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്



































