തിരുവനന്തപുരം: നേതൃസ്‌ഥാനത്തെ ചൊല്ലി പ്രവർത്തകർ തെരുവിലിറങ്ങി പ്രകടനം നടത്തുന്നതിൽ പ്രതികരിച്ച് വിഡി. സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്‌ളക്‌സുകൾ സ്‌ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സതീശന്റെ പ്രതികരണം.
വിഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം കോട്ടയം ജില്ലകളിലാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. തിരുവനന്തപുരത്ത് പാളയത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്കാണ് പ്രകടനം നടന്നത്. എന്നാൽ, ഇത്തരം പ്രകടനങ്ങളിൽ നിന്ന് പ്രവർത്തകർ പിൻമാറണമെന്ന് വിഡി. സതീശൻ അഭ്യർഥിച്ചു.
വിഷയത്തിൽ കെപിസിസിയും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഹൈക്കമാൻഡ് പൂർത്തിയാക്കിയിട്ടില്ലെന്നും അതിനിടയിൽ ഏതെങ്കിലും നേതാവിനെ അനുകൂലിച്ച് പ്രകടനം നടത്തുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകി.
വിഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു.
നമുക്കിത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.
ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്‌ളക്‌സുകൾ സ്‌ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്



































