ചെന്നൈ: അനിശ്‌ചിതത്വത്തിന് ഒടുവിൽ തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ (തമിഴക വെട്രി കഴകം) അധികാരത്തിലേക്ക്. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ (വിടുതലൈ ചിരുത്തൈകൾ കക്ഷി) എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്.
ഗവർണറെ കണ്ട് വിജയ് പിന്തുണക്കത്ത് കൈമാറി. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് ശനിയാഴ്‌ച രാവിലെ 11 മണിക്ക് സത്യപ്രതിജ്‌ഞ ചെയ്യും. നെഹ്റു സ്‌റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്‌ഞ. കന്നിയങ്കത്തിൽ തന്നെ സംസ്‌ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാനായതിൽ ടിവികെ പാർട്ടി ആസ്‌ഥാനത്ത് വൻ ആഘോഷമാണ്.
നാലുദിവസം നീണ്ട ഉദ്വേഗഭരിതമായ നീക്കങ്ങൾക്കൊടുവിലാണ് തമിഴ്‌നാട്ടിലെ അധികാര തർക്കത്തിന് തിരശീല വീഴുന്നത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, വിജയ്‌യുടെ പാർട്ടിക്ക് ഒറ്റയ്‌ക്ക് 108 സീറ്റുകളാണ് നേടാനായത്. ഭൂരിപക്ഷം തെളിയിക്കാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലപാട് എടുത്തതോടെയാണ് സഖ്യ ചർച്ചകൾ സജീവമായത്.
പിന്തുണച്ചവരുടെ സീറ്റുനില: കോൺഗ്രസ് (5 എംഎൽഎമാർ), മുസ്‌ലിം ലീഗ് (2), സിപിഎം (2), വിസികെ (2). ഇവരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യ മറികടക്കാനായത്. നിലവിൽ 120 സീറ്റുമായാണ് ടിവികെ അധികാരത്തിലേറുന്നത്.
ടിവികെ അധികാരത്തിൽ എത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്‌തമാക്കിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പറത്തുവന്നിരുന്നു. എതിരാളികളായ അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭ ഉണ്ടാക്കണമെന്ന ആവശ്യം ഡിഎംകെയിൽ ശക്‌തമായിരുന്നു. പിന്നാലെയാണ് വിജയ് സഖ്യ കക്ഷികളുമായുള്ള ചർച്ച സജീവമാക്കിയത്.
അതേസമയം, പിന്തുണ നൽകിയതിന് പകരമായി കോൺഗ്രസ് രണ്ട് മന്ത്രി സ്‌ഥാനങ്ങൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. വിസികെയ്‌ക്കും ഒരു മന്ത്രി സ്‌ഥാനം ലഭിച്ചേക്കും. എന്നാൽ, സിപിഐഎം, സിപിഐ പാർട്ടികൾ ടിവികെ മന്ത്രിസഭയിൽ ഭാഗമാകില്ലെന്ന് നിലപാട് എടുത്തിട്ടുണ്ട്. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കുമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി പി. ഷൺമുഖം വ്യക്‌തമാക്കി.
Most Read| ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്‌കൂളിൽ അധ്യാപികയായി തിരിച്ചെത്തി


































