തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം നടക്കും.
ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. ഡെങ്കിപ്പനി വ്യാപനത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചു ഇന്ന് ഒരാൾ മരിച്ചിരുന്നു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്.
ജില്ലയിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്. ഈവർഷത്തെ അഞ്ചാമത്തെ മരണവും. അതേസമയം, കോഴിക്കോട് ജില്ലയിലെ വളയത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. വളയം ടൗൺ ഉൾപ്പെടുന്ന വാർഡ് 14ലുള്ള ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗബാധ കണ്ടെത്തിയത്.
ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ള 63കാരനും തിക്കോടിയിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| രാജ്യത്ത് ടെലഗ്രാം നിരോധനം; ആപ്പ് പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു


































