തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതാശ്വാസ പാക്കേജ് അംഗീകരിച്ച് മന്ത്രിസഭാ യോഗം. 26 മരണമാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകും. കൃഷി നാശത്തിനും വ്യാപാര സ്‌ഥാപനങ്ങൾ നശിച്ചതിനും സർക്കാർ നഷ്‌ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്‌ഥാനത്ത് 462 ക്യാമ്പുകളിലായി 27,048 പേർ കഴിയുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിൽ കഴിയുന്നത്. 11 പേർക്ക് അപകടം പറ്റി, നാലുപേരെ കാണാതായി. 1882 ഹെക്‌ടർ സ്‌ഥലത്ത് കൃഷിനാശമുണ്ടായി. 23,537 കർഷകരെയാണ് ബാധിച്ചത്. 67.44 കോടി രൂപയുടെ നഷ്‌ടമാണ് പ്രാഥമിക വിവരങ്ങൾ പ്രകാരം കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.
വെള്ളം കയറിയ വീടുകൾക്കും കടകൾക്കും ധനസഹായമായി 10,000 രൂപ വീതം നൽകും. മരണപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ കുടുംബത്തിന് 10,000 രൂപ നൽകും. വീടുകൾക്ക് പൂർണമായും കേടുപാടുകൾ സംഭവിച്ചവർക്ക് ആറുലക്ഷം രൂപ നൽകും. നേരത്തെ ഇത് നാലുലക്ഷം രൂപയായിരുന്നു. വീടും സ്‌ഥലവും പൂർണമായും നഷ്‌ടപ്പെട്ടവർക്ക് ധനസഹായം 12 ലക്ഷമാക്കി വർധിപ്പിച്ചു. നേരത്തെ ഇത് പത്തുലക്ഷമായിരുന്നു.
വീട്ടിൽ വെള്ളം കയറി ബുദ്ധിമുട്ട് അനുഭവിക്കുന്ന വീടുകളിലെ ഒരു റേഷൻ കാർഡിൽ രണ്ടുപേർക്ക് 300 രൂപ വീതം ദിവസവും നൽകും. വെള്ളം കയറി വീട്ടിൽ താമസിക്കാൻ കഴിയാതെയായവർക്ക് താൽക്കാലികമായി വീടെടുത്ത് മാറാം. ഇതിനുള്ള വാടക സർക്കാർ വഹിക്കും. വിള നഷ്‌ടമായവർക്കുള്ള തുക 25 ശതമാനം വർധിപ്പിക്കും. ഈ തുക സംസ്‌ഥാനം നൽകും.
വെള്ളം കയറി കടകൾ നശിച്ച ഓരോരുത്തർക്കും 10,000 രൂപ വീതം നൽകും. ഇത് പുതിയ തീരുമാനമാണ്. മുൻ സർക്കാരിൽ ഈ സഹായം ഉണ്ടായിരുന്നില്ല. എംഎസ്‌എംഇകൾക്ക് ഉജ്‌ജീവന സോഫ്റ്റ് ലോൺ നടപ്പാക്കും. 12 ലക്ഷം രൂപ വരെ കൊടുക്കാനാണ് തീരുമാനം. ഇതിനായി മൂന്ന് സ്‌കീമുകളിലായി ഇളവുകളോടെയാണ് ഇത് നൽകുക.
തീരപ്രദേശത്ത് കടൽഭിത്തി നിർമിക്കും. ജിയോബാഗുകൾ നൽകും. മൽസ്യത്തൊഴിലാളികൾക്കുള്ള ഭവന പദ്ധതിയായ പുനർഗേഹം പുതിയ പദ്ധതിയായി പ്രഖ്യാപിക്കും. തുക വർധിപ്പിക്കും. കണ്ണൂർ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ സംസ്‌കാരം സംസ്‌ഥാന ബഹുമതികളോടെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജേഷിന്റെ വീടുപണി സർക്കാർ പൂർത്തിയാക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ഇന്ത്യക്ക് മാതൃകയായ തരത്തിൽ ദുരന്തനിവാരണ പദ്ധതി നടപ്പാക്കും. കാലാവസ്‌ഥാ പ്രവചനത്തിനായി ലോകത്തുള്ള ഏറ്റവും സങ്കേതങ്ങൾ ഉപയോഗിക്കും. അലർട് സംവിധാനം മെച്ചപ്പെടുത്തും. ദുരന്തസാധ്യതാ പ്രദേശങ്ങളുടെ ഫ്‌ളഡ് മാപ്പിങ് നടത്തും.
ഇതിന്റെ ഭാഗമായി ഡാമുകളിലെയും നദികളിലെയും മണലും ചെളിയും മാറ്റും. മഴ മാറിയാൽ തൊട്ടുപിന്നാലെ റവന്യൂ വകുപ്പും ജലസേചന വകുപ്പും ഇത് നടപ്പാക്കും. ഈ നടപടിയോടെ 50 ശതമാനത്തോളം പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. പോലീസ് കംപ്‌ളെയ്‌ന്റ്‌സ് അതോറിറ്റി ചെയർമാനായി റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Moat Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം







































