തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ബോധപൂർവം തന്നെ മോശമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പിഎ മുഹമ്മദ് റിയാസ്.
ഇന്ന് രാവിലെ മുതൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ എല്ലാം തന്നെ ബോധപൂർവം മോശക്കാരനായി ചിത്രീകരിക്കാൻ വേണ്ടിയാണ്. ‘നമ്മൾ ബേപ്പൂർ’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിനെയാണ് ഹവാല ഇടപാടിനുള്ളതെന്ന് ഇഡി പറയുന്നത്. എന്നാൽ, ബേപ്പൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് ഈ ഗ്രൂപ്പ്. ഇതിൽ മാദ്ധ്യമ പ്രവർത്തകർ, പൊതുജനങ്ങൾ അടക്കം എല്ലാവരും അംഗങ്ങളാണ്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ എംഎൽഎമാരും ഗ്രൂപ്പുകൾ ഉണ്ടാക്കാറുണ്ടെന്നും റിയാസ് പറഞ്ഞു.
തന്റെ ഭാര്യ വീണ, ഹവാല പണമിടപാട് സമ്മതിച്ചു എന്ന റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണ്. ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങളാണ് എഴുതിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതിയ കടലാസുകളെയാണ് ഇഡി റെഡ് ബുക്ക് എന്ന് വിശേഷിപ്പിക്കുന്നത്. വീണയെ വീട്ടിലും ഓഫീസിലുമായി മൂന്നുവട്ടം ഇഡി ചോദ്യം ചെയ്തു. ഹവാല ഇടപാടിനെ കുറിച്ച് ഒരു ചോദ്യം പോലും ഇഡി ചോദിച്ചിട്ടില്ല. മികച്ച തിരക്കഥയാണ് ഇഡി പുറത്തുവിട്ടത്. ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണമെന്നും റിയാസ് പരിഹസിച്ചു.
വീണയുടെ പക്കൽ നിന്നും ഇഡി കണ്ടെടുത്ത റെഡ് ബുക്കിലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളുമാണ് ഇന്ന് പുറത്തുവന്നത്. ടി വീണ, പിഎ മുഹമ്മദ് റിയാസ് എന്നിവർ ഹവാല ഇടപാടിലൂടെ ദുബായിലേക്ക് പണമയച്ചതിന്റെ വിവരങ്ങളാണ് ഇവയെന്നാണ് ഇഡി പറയുന്നത്.
അതിനിടെ, വിവാദങ്ങൾക്കിടെ ഇഡി സംഘം കോഴിക്കോടെത്തി പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു. മുഹമ്മദ് ഫെബീഷിനെയാണ് ചോദ്യം ചെയ്തത്. ഇന്നലെ കോഴിക്കോട് വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യൽ. ഇയാളുടെ ബാങ്ക് ലോക്കർ സീൽ ചെയ്തു. 50 പവനിൽ കൂടുതൽ സ്വർണവും പണവും ലോക്കറിൽ ഉണ്ടായിരുന്നു.
ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിന്റെ ഉറവിടം ഇഡി ആരാഞ്ഞു. സഹോദരിയുടെ സ്വർണമാണെന്നാണ് മറുപടി നൽകിയത്. സംഭവത്തിൽ കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യും. പോലീസ് കേസിന് മുൻപ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന്റെ സൂചനയാണ് ഇഡി നടപടി. പോലീസ് എഫ്ഐആർ എടുക്കാൻ കാത്ത് നിൽക്കേണ്ടെന്നാണ് തീരുമാനം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































