വാഷിങ്ടൻ: ഭൂമിയുടെ ഭ്രമണപഥത്തിൽ ബഹിരാകാശ ആയുധം വിന്യസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്‌ൻക് ആണ് തിങ്കളാഴ്‌ച ഇക്കാര്യം വെളിപ്പെടുത്തിയത്. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കൻ സേനയെ സംരക്ഷിക്കാൻ ഇത്തരമൊരു ആയുധം ആവശ്യമാണെന്ന് ട്രോയ് മെയ്ൻക് പറഞ്ഞു.
ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണശേഷി തങ്ങൾക്കുണ്ടെന്ന് അമേരിക്ക പരസ്യമായി സമ്മതിക്കുന്നത്. പുതിയ ഭീഷണികളെ നേരിടാൻ അമേരിക്ക സജ്‌ജമാണെന്ന് പറഞ്ഞ മെയ്ൻക്, ആയുധത്തിന്റെ ശേഷിയെക്കുറിച്ചോ എന്നാണിത് ഭ്രമണപഥത്തിൽ എത്തിച്ചെന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
യുഎസിൽ ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്ന തീരുമാനവുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. അതേസമയം, അമേരിക്കയുടെ നടപടിയെ വിമർശിച്ച് ചൈന രംഗത്തെത്തി. ബഹിരാകാശത്ത് ആയുധമൽസരം ഒഴിവാക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്‌താവ് മുന്നറിയിപ്പ് നൽകി.
ബഹിരാകാശത്ത് സൈനികശേഷി വർധിപ്പിക്കുന്നതും യുദ്ധസജ്‌ജീകരണങ്ങൾ നടത്തുന്നതും അമേരിക്ക അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയും ചൈനയും ഭാവി സംഘർഷങ്ങളിൽ അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിക്കാനും പ്രവർത്തനരഹിതമാക്കാനും പദ്ധതികൾ വികസിപ്പിക്കുന്നുണ്ടെന്നും ഇതിനെ ചെറുക്കാൻ ബഹിരാകാശ സൈനിക ശേഷി കൂട്ടേണ്ടതുണ്ടെന്നുമാണ് അമേരിക്കയുടെ വാദം.
അമേരിക്കയെ മിസൈൽ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്ന ‘ഗോൾഡൻ ഡോം’ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഭാഗമാണ് ഇത്തരം ബഹിരാകാശ സാങ്കേതിക വിദ്യകളെന്നും ട്രംപ് ഭരണകൂടം വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































