കോഴിക്കോട്: മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നടപടിക്കൊരുങ്ങി സർക്കാർ. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് സർക്കാർ തീരുമാനം. സഹകരണ വകുപ്പും ക്ഷീര വികസന വകുപ്പും നടപടികൾ സ്വീകരിക്കും.
വ്യാപക ക്രമക്കേട് കണ്ടെത്തിയതിനാലാണ് മലബാർ യൂണിയൻ പിരിച്ചുവിട്ടതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഇന്നലെയാണ് മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തിയത്. യൂണിയനിൽ കഴിഞ്ഞ 25 വർഷമായി ഓഡിറ്റ് പോലും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചത് വഴി 27 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. മലപ്പുറം ഡയറിയിൽ നിന്ന് 84 ലക്ഷം രൂപയുടെ നെയ്യ് മോഷണം പോയി തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് ക്ഷീര വികസന ഡയറക്ടറുടെ പരിശോധനയിൽ കണ്ടെത്തിയത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് മിൽമ മലബാർ യൂണിയൻ പ്രവർത്തിച്ചിരുന്നത്.
അതേസമയം, സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് മിൽമ ചെയർമാൻ കെഎസ് മണിയുടെ വാദം. യൂണിയൻ പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കാനും മിൽമ ആലോചിക്കുന്നുണ്ട്. നേരത്തെ, തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടാവാത്തതിനാൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കോടതിയെ സമീപിക്കാനാണ് മിൽമയുടെ ആലോചന.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം





































