ദുബായ്: കുവൈത്തിലെ യുഎസ് താവളങ്ങളിൽ മിസൈലാക്രമണം നടത്തി ഇറാൻ. കുവൈത്തിലെ അലി അൽ സലീം വ്യോമത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. ഹോർമുസിലെ ഖിഷെം ദ്വീപിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ടതിന് തിരിച്ചടിയാണിതെന്ന് ഇറാൻ അറിയിച്ചു.
ബഹ്റൈന് പിന്നാലെയാണ് ഇറാൻ കുവൈത്തിനെയും ലക്ഷ്യമിട്ടത്. ഒരാഴ്ചക്കിടെ മൂന്നുവട്ടമാണ് ബഹ്റൈനിൽ ഇറാൻ ആക്രമണം നടത്തിയത്. യുഎസ് താവളം ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവെച്ചിട്ടതായി ബഹ്റൈൻ പ്രതിരോധ സേന അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ എണ്ണ ടാങ്കറിന് നേരെ ഡ്രോണാക്രമണം ഉണ്ടായി. 11 ജീവനക്കാർക്ക് പരിക്കേറ്റു. ഒരാളെ കടലിൽ കാണാതായി. ലൈബീരിയയുടെ പതാകയുള്ള എംടി നാവിഗ് 8 മെസ്സി എന്ന എണ്ണക്കപ്പലിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായി. കപ്പലിലെ മൂന്ന് ഇന്ത്യൻ നാവികരിൽ ഒരാൾക്ക് നിസാരമായി പരിക്കേറ്റു.
കഴിഞ്ഞദിവസം തീപിടിച്ചു മുങ്ങിയ താര ഗ്യാസ് വാതകടാങ്കറിൽ നിന്ന് കാണാതായ ഇന്ത്യൻ നാവികന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഈ കപ്പലിലെ 24 ഇന്ത്യൻ നാവികരെയും ഒമാൻ തീരസേന രക്ഷിച്ച് കരയിലെത്തിച്ചിരുന്നു. ഇവരിൽ മൂന്നുപേർക്ക് പരിക്കുണ്ട്.
ഇതിനിടെ, യെമനിൽ ഹൂതികളുടെ താവളങ്ങൾക്ക് നേരെ സൗദി സഖ്യസേന ആക്രമണം കടുപ്പിച്ചു. സന, അൽ ഹുദെയ്ദ, അംറാൻ, സാദ എന്നിവിടങ്ങളിൽ ഹൂതികളുടെ 60 കേന്ദ്രങ്ങൾ ആക്രമിച്ചതായി സൗദി അറിയിച്ചു. റിയാദ് ലക്ഷ്യമിട്ട ഹൂതികളുടെ ഡ്രോൺ വെടിവെച്ചിട്ടതായി സഖ്യസേന വ്യക്തമാക്കി. സംഘർഷം കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് ജിദ്ദ, മദീന, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഈമാസം 30 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം







































