ഇടുക്കി: വഴിയിൽ കിടന്ന് കിട്ടിയ സ്വർണമടങ്ങിയ ബാഗ് ഉടമയെ തിരികെ ഏൽപ്പിച്ചു മാതൃകയായി വിദ്യാർഥികൾ. രാജമുടി വരിക്കാനിക്കൽ സ്വദേശി ബനഡിക്‌ട്, സുഹൃത്ത് പ്ളാന്തോട്ടത്തിൽ അഭിജിത്ത് എന്നിവരാണ് നാട്ടുകാർക്കും വിദ്യാലയത്തിനും അഭിമാനമായി മാറിയത്. കഴിഞ്ഞ ദിവസം രാവിലെ മുരിക്കാശേരിക്ക് പോകുന്ന വഴിയാണ് പതിനാറാം വളവിൽ നിന്ന് ഇവർക്ക് ഒരു ബാഗ് കളഞ്ഞു കിട്ടിയത്.
ബാഗ് തുറന്ന് നോക്കിയപ്പോൾ കണ്ടത് സ്വർണവും വിലപ്പെട്ട ചില രേഖകളും ആയിരുന്നു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഇരുവരും ഉടൻ തന്നെ മുരിക്കാശേരി സ്‌റ്റേഷനിലെത്തി ബാഗ് പോലീസിനെ ഏൽപ്പിച്ചു. ഈ സമയം, ബാഗ് നഷ്‌ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഉടമ മുരിക്കാശേരി മാലപ്പറമ്പിൽ എഡി തോമസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. വാഴത്തോപ്പിലെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴി വാഹനത്തിൽ നിന്നാണ് തോമസിന് ബാഗ് നഷ്‌ടപ്പെടുന്നത്. രണ്ടര പവൻ സ്വർണവും വിലപ്പെട്ട ചില രേഖകളും ആയിരുന്നു ബാഗിലുണ്ടായിരുന്നത്.
യാത്രക്കിടയിൽ ബാഗ് നഷ്‌ടമായ വിവരം അറിഞ്ഞപ്പോൾ ഏറെ നേരം തോമസ് ബാഗിനായി തിരഞ്ഞെങ്കിലും കണ്ടു കിട്ടിയില്ല. പിന്നീട് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. ഉടമയെ തിരിച്ചറിഞ്ഞതോടെ പോലീസ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിൽ ബനഡിക്‌ടും അഭിജിത്തും ബാഗ് ഉടമക്ക് കൈമാറി. മുരിക്കാശേരി പാവനാത്‌മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ബനഡിക്‌ട്. അഭിജിത് ബെംഗളൂരുവിൽ ഉപരിപഠനത്തിന് പോകാൻ ഒരുങ്ങുകയാണ്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!