ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്‌ടമുള്ളയാളെ വിവാഹം ചെയ്യാം; പ്രായം തടസമല്ലെന്ന് കോടതി

By Staff Reporter, Malabar News
wedding
Represntational Image
Ajwa Travels

ചണ്ഡീഗഡ്: ഋതുമതിയായ പെൺകുട്ടിക്ക് മുസ്‌ലിം വ്യക്‌തി നിയമമനുസരിച്ച് പ്രായം 18ൽ താഴെയാണെങ്കിലും ഇഷ്‌ടമുള്ള വ്യക്‌തിയെ വിവാഹം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി. മുസ്‌ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്‌ഥാനപ്പെടുത്തി ആയിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.

മുസ്‌ലിം ആചാരപ്രകാരം 2021 ജനുവരി 21ന് വിവാഹിതരായ 36കാരനും 17 വയസുകാരിയും സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ വിധി പ്രസ്‌താവം. ബന്ധുക്കളുടെ എതിർപ്പിൽ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതിമാർ കോടതിയെ സമീപിച്ചത്.

മുസ്‌ലിം നിയമമനുസരിച്ച് 15 വയസ് തികഞ്ഞ വ്യക്‌തിക്ക്‌ പ്രായപൂർത്തി ആയതായി കണക്കാക്കാമെന്നും പെൺകുട്ടിക്കോ ആൺകുട്ടിക്കോ രക്ഷിതാക്കളുടെ ഇടപെടൽ കൂടതെ സ്വന്തം ഇഷ്‌ട പ്രകാരം വിവാഹിതരാവാമെന്നും ഹരജിക്കാർ കോടതിയിൽ വ്യക്‌തമാക്കി.

അതെസമയം താൽപര്യമുള്ള വ്യക്‌തിയുമായി വിവാഹക്കരാറിൽ ഏർപ്പെടാൻ ഋതുമതിയായ പെൺകുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സർ ദിൻഷാ ഫർദുൻജി മുല്ലയുടെ മുഹമ്മദീയൻ നിയമതത്വങ്ങൾ(Principles of Mohammedan Law)എന്ന പുസ്‌തകത്തിലെ 195ആം വകുപ്പ് പരാമർശിച്ച് കോടതി ചൂണ്ടിക്കാട്ടി.

പ്രായപൂർത്തി ആകാത്തവർ, സ്‌ഥിരബുദ്ധി ഇല്ലാത്തവർ എന്നിവരുടെ വിവാഹക്കരാറിൽ ഏർപ്പെടാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂർത്തിയായതും ആയ ആളുകളുടെ പൂർണസമ്മതം ഇല്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും ഈ വകുപ്പിൽ പറയുന്നു. മാത്രവുമല്ല ഋതുമതിയായതായി ഉള്ള തെളിവുകളുടെ അഭാവത്തിൽ 15 വയസ് പൂർത്തിയായ പെൺകുട്ടിയെ പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും വകുപ്പ് പറയുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിൽ പെൺകുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം മുസ്‌ലിം വ്യക്‌തിനിയമ പരിധിയിൽ പെടുന്നതാണെന്നും കുടുംബാംഗങ്ങൾക്ക് വിവാഹത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കുടുംബാംഗങ്ങൾ എതിർക്കുന്നു എന്ന കാരണത്താൽ മാത്രം ദമ്പതിമാർക്ക് നിയമം ഉറപ്പു നൽകുന്ന മൗലികാവകാശം നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: സ്വവർഗാനുരാഗം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; അലഹബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE