ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കർഷക പ്രക്ഷോഭകരുമായി ചർച്ചക്കൊരുങ്ങി കേന്ദ്ര സർക്കാർ. മുതിർന്ന ബിജെപി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് കർഷക നേതാക്കളെ ചർച്ചക്ക് ക്ഷണിച്ചത്. ഡെൽഹിയിൽ സമരത്തിന് നേതൃത്വം നൽകുന്ന പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജോഗീന്ദർ സിങ് ഉൾപ്പടെയുള്ള നേതാക്കളെ കേന്ദ്ര ആഭ്യന്തര മന്ത്രി ഫോണിൽ വിളിച്ച് ഉപാധികളില്ലാതെ ചർച്ചക്ക് തയാറാണെന്ന് അറിയിച്ചു. എന്നാൽ, ഔദ്യോഗിക രേഖാമൂലമുള്ള ക്ഷണത്തിനായാണ് സംഘടന കാത്തിരിക്കുന്നതെന്നാണ് കർഷക നേതാക്കൾ വ്യക്‌തമാക്കിയത്.
ഇതിനിടെ, സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഉത്തർപ്രദേശ്-ഡെൽഹി അതിർത്തിയായ ഗാസിയാബാദിൽ കൂടുതൽ കർഷകർ എത്തിച്ചേർന്നിട്ടുണ്ട്. ദിവസങ്ങളോളം താമസിച്ച് പ്രതിഷേധിക്കാനുള്ള എല്ലാ സജ്ജീകരങ്ങളോട് കൂടിയാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. ഡെൽഹി-ഹരിയാന അതിർത്തിയായ ഗുഡ്‌ഗാവിൽ അർധസൈനികരെ ഉൾപ്പടെ കേന്ദ്ര സർക്കാർ വിന്യസിച്ചിട്ടുണ്ട്. ഡെൽഹിയിലെ 5 അതിർത്തികളും സ്‌തംഭിപ്പിക്കുമെന്ന കർഷക സംഘടനകളുടെ പ്രഖ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ സുരക്ഷാ നടപടികൾ ശക്‌തമാക്കുകയാണ്.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; ചീഫ് സെക്രട്ടറിയും ഡിജിപിയും മാറിയേക്കും
സർക്കാർ നേരത്തെ നിർദ്ദേശിച്ച ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക് പ്രതിഷേധം മാറ്റിയാൽ ഡിസംബർ മൂന്നിന് മുമ്പ് തന്നെ ചർച്ചയാവാമെന്നുള്ള അമിത് ഷായുടെ നിർദ്ദേശം ഞായറാഴ്‌ച കർഷകർ തള്ളിയിരുന്നു. അന്ന് അർധരാത്രി തന്നെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വസതിയിൽ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവർ യോഗം ചേർന്നു. ഉപാദികളില്ലാതെയുള്ള ചർച്ചക്ക് തീരുമാനമെടുത്തത് ഈ യോഗത്തിലാണ്.