ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ ഏഴു മണിക്കൂറായി തുടരുകയാണ്. ലഖിംപൂർ ഖേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. സംഘർഷ സമയത്ത് താൻ സംഭവസ്‌ഥലത്ത് ഇല്ലായിരുന്നു എന്ന വാദം ആശിഷ് മിശ്ര ആവർത്തിക്കുകയാണ്. അന്നേദിവസം ഒരു ഗുസ്‌തി മൽസരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര വാദിക്കുന്നത്.
ലഖിംപൂർ സംഘർഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ട് വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. രാവിലെ 10.40ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തിയത്. വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തിച്ചത്. പോലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫിസിനുള്ളിൽ എത്തിച്ചത്. 11 മണിക്ക് ഹാജരാകണം എന്നായിരുന്നു യുപി പോലീസിന്റെ നിർദ്ദേശം. വെള്ളിയാഴ്‌ചയാണ് സമൻസ് നൽകിയത്.
അതേസമയം, ആശിഷിന്റെ പിതാവായ മന്ത്രി അജയ് മിശ്ര രാജിവെക്കാതെ ലഖിംപൂർ സംഭവത്തിലെ ഇരകൾക്ക് നീതി ഉറപ്പാകില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു. ആശിഷ് മിശ്ര കീഴടങ്ങിയതോടെ അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം ശക്‌തമാണ്. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സംയുക്‌ത കിസാൻ മോർച്ച. ലഖിംപൂർ ഖേരിയിൽ 12ന് കർഷക സംഘടനകൾ മാർച്ച് നടത്തും.
ഒക്‌ടോബർ മൂന്നിനാണ് ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ സംഘർഷം നടന്നത്. അജയ് മിശ്രയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. ആശിഷ് മിശ്ര സഞ്ചരിച്ച കാറാണ് കർഷകർക്ക് നേരെ ഇടിച്ചു കയറിയതെന്നാണ് കേസ്.
Most Read: കൽക്കരി ക്ഷാമം; ഡെൽഹിയിലെ വൈദ്യുത നിലയങ്ങളിൽ ഇനി ഒരു ദിവസത്തേക്ക് ഉള്ളത് മാത്രം