ഗുവാഹത്തി: തന്റെ വാഹന വ്യൂഹത്തിന് കടന്നുപോകാന്‍ വേണ്ടി വഴിയൊരുക്കിയ ഉദ്യോഗസ്‌ഥനെ ശകാരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ നഗാവൊ ജില്ലയിലെ ഗുമൊത ഗാവൊക്കടുത്തുള്ള ദേശീയപാത 37ലായിരുന്നു സംഭവം. വാഹനവ്യൂഹത്തിന് വഴിയൊരുക്കുന്നതിനായി നിരത്തില്‍ വാഹനങ്ങളെ നിയന്ത്രിച്ചതോടെ ട്രാഫിക് കുരുക്കുണ്ടായിരുന്നു. ഇതോടെയാണ് ഹിമന്ത ബിശ്വ ശര്‍മ ഡെപ്യൂട്ടി കമ്മീഷണര്‍ കൂടിയായ ഐഎഎസ് ഓഫീസര്‍ നിസാര്‍ഗ് ഹിവാരെയെ ശകാരിച്ചത്.
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് വാഹനങ്ങള്‍ തടഞ്ഞിടാന്‍ നിസാര്‍ഗ് ഹിവാരെ ഉത്തരവിട്ടിരുന്നതായി അറിഞ്ഞ മുഖ്യമന്ത്രി ഓഫീസറെ ശകാരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ”എന്ത് നാടകമാണിത്, ഡിസി സാഹിബ്. എന്തിനാണ് ഈ വാഹനങ്ങളെ തടഞ്ഞിട്ടിരിക്കുന്നത്. ഏതെങ്കിലും രാജാവ് ഇവിടെ വരുന്നുണ്ടോ? ഇത് ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ആളുകള്‍ ബുദ്ധിമുട്ടുകയാണ്. ഈ വാഹനങ്ങള്‍ കടത്തിവിടൂ,”-എന്നാണ് മുഖ്യമന്ത്രി ഓഫീസറോട് പറയുന്നത്.
#WATCH Assam CM Himanta Biswa Sarma reprimands DC Nagaon for traffic jam near Gumothagaon on National Highway 37.
He was in the area to lay the foundation stone of a road, earlier today. pic.twitter.com/nXBEXxpu6k
— ANI (@ANI) January 15, 2022
സംസ്‌ഥാനത്ത് ‘വിഐപി സംസ്‌കാരം’ അനുവദിക്കില്ലെന്നും ശര്‍മ പിന്നീട് പ്രതികരിച്ചു. തന്റെ സന്ദര്‍ശന സമയത്ത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരരുതെന്ന് നേരത്തെ ഉത്തരവ് നൽകിയിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ 15 മിനിറ്റോളം റോഡില്‍ കിടന്നെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്‌തമാക്കി.
Read also: ഉത്തരാഖണ്ഡിൽ 4.50 കോടിയുടെ പഴയ നോട്ടുമായി ആറുപേർ പിടിയിൽ