കൽപ്പറ്റ: കടുവയെ കണ്ട താമരശേരി ചുരത്തിന്റെ എട്ട്, ഒമ്പത് വളവുകൾക്കിടയിൽ ക്യാമറകൾ സ്‌ഥാപിച്ചു വനംവകുപ്പ്. ചുരം റോഡിന്റെ രണ്ടു ഭാഗത്തുമായാണ് ക്യമറകൾ സ്‌ഥാപിച്ചത്. ഇതിന് പുറമെ വനംവകുപ്പിന്റെ പട്രോളിങ് സംഘവും രാത്രിയിൽ നിരീക്ഷണം നടത്തും. അതിനിടെ, വെള്ളിയാഴ്‌ച പുലർച്ചെയും കടുവയെ കണ്ടെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും ഇക്കാര്യം വനംവകുപ്പ് നിഷേധിച്ചിട്ടുണ്ട്.
വനം വകുപ്പ് സംഘം പട്രോളിങ്ങിന്റെ ഭാഗമായി ഒമ്പതാം വളവിൽ നിലയുറപ്പിച്ചതിനാൽ ചില യാത്രക്കാർ കടുവ വീണ്ടും ഇറങ്ങിയിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് പറയുന്നത്. ചുരത്തിലൂടെയുള്ള രാത്രി യാത്ര ജാഗ്രതയോടെ ആയിരിക്കണമെന്ന് വനംവകുപ്പും പോലീസും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ദിവസം രാത്രിയിലാണ് ചുരം റോഡിൽ കടുവയെ കണ്ടെന്ന് ലോറി ഡ്രൈവർ പറഞ്ഞത്.
ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് സ്‌ഥലത്തെത്തിയ ഹൈവേ പോലീസ് സംഘവും കടുവയെ കണ്ടിരുന്നു. പോലീസുകാർ പകർത്തിയതെന്ന് കരുതുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഏകദേശം അഞ്ചര വയസ് തോന്നിക്കുന്ന കടുവയെയാണ് കഴിഞ്ഞ ദിവസം ലോറി ഡ്രൈവർ കണ്ടത്. അതിനാൽ കുഞ്ഞു സമീപത്ത് എവിടെയെങ്കിലും ഉണ്ടാവാമെന്ന് വനംവകുപ്പിന് സംശയമുണ്ട്.
അങ്ങനെയെങ്കിൽ കടുവ കൂടുതൽ ദൂരം പോയിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ നിരീക്ഷണം നടത്തി കടുവയുടെ നീക്കം മനസിലാക്കും. റോഡിലേക്ക് സ്‌ഥിരമായി എത്തുന്നുണ്ടോ എന്നതും ശ്രദ്ധിക്കും. വൈത്തിരിയിലും ലക്കിടിയിലും ചേർന്നുള്ള വനമേഖലയിലും നേരത്തെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അപൂർവമായി കടുവ റോഡ് മുറിച്ചു കടന്നു പോയപ്പോഴായിരിക്കാം ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.
Most Read| നിയമ നടപടിക്കൊരുങ്ങി മഹുവ മൊയ്‌ത്ര; ഹൈക്കോടതിയെ സമീപിക്കാൻ നീക്കം