ന്യൂഡെൽഹി: പാർലമെന്റിൽ നിന്ന് പുറത്താക്കിയതിൽ നിയമ നടപടിക്കൊരുങ്ങി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. പുറത്താക്കിയ നടപടിക്കെതിരെ ഡെൽഹി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനാണ് മഹുവയുടെ നീക്കം. വിഷയത്തിൽ നിയമ വിദഗ്‌ധരുമായി ചർച്ച നടത്തിയതായാണ് വിവരം.
അതിനിടെ, മഹുവയുടെ പുറത്താക്കൽ നടപടി പ്രചാരണ വിഷയമാക്കാനുള്ള ഒരുക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകും. പുറത്താക്കൽ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന് തൃണമൂൽ കോൺഗ്രസിലും ‘ഇന്ത്യ’ സഖ്യത്തിലെ പാർട്ടികളിലും അഭിപ്രായമുണ്ട്. വിഷയത്തിൽ മഹുവക്ക് ഉറച്ച പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വ്യക്‌തമാക്കിയിട്ടുണ്ട്.
പുറത്താക്കൽ പാർലമെന്റിന്റെ അധികാരമല്ലെന്നും മഹുവയുടെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടനാ ലംഘനമാണെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. ഇതടക്കം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്.
മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചായിരുന്നു നടപടി. എത്തിക്‌സ് കമ്മിറ്റി റിപ്പോർട് ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് പുറത്താക്കൽ നടപടി. വിവാദത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കണമെന്ന ശുപാർശ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി നാലിനെതിരെ ആറ് വോട്ടുകൾക്ക് അംഗീകരിച്ചു. മഹുവയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാൻ അനുവദിക്കരുതെന്നുമാണ് പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി റിപ്പോർട്.
Related News| ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി