മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ എട്ടുമാസം ഗർഭിണിയായ യുവതിക്കു നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗ്രൂപ്പു മാറി രക്‌തം മാറി നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി. രണ്ടു താൽക്കാലിക ഡോക്‌ടർമാരെ പിരിച്ചുവിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.
ഡോക്‌ടർമാർക്കും നഴ്‌സിനും ജാഗ്രത കുറവുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണു നടപടി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള യുവതി സുഖം പ്രാപിച്ചുവരുന്നു. പാലപ്പെട്ടി പുതിയിരുത്തി കഴുങ്ങുംതോട്ടത്തിൽ അസ്‌ലമിന്റെ ഭാര്യ റുക്‌സാനക്ക് (26) ആണ് ഗ്രൂപ്പ് മാറി രക്‌തം കയറ്റിയത്.
‘ഒ’ നെഗറ്റീവിനു പകരം ‘ബി’ പോസിറ്റീവ് രക്‌തമാണ് നൽകിയത്. യുവതിക്ക് രക്‌തക്കുറവ് ഉള്ളതിനാൽ രക്‌തം കയറ്റാന്‍ ഡോക്‌ടർ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് രണ്ടുദിവസം അടുപ്പിച്ച് രക്‌തം കയറ്റിയിരുന്നു. രണ്ടാമത്തെ ദിവസമാണ് രക്‌തം നൽകിയത് മാറിപ്പോയത്. മൂന്നുദിവസം മുൻപാണു നഗരസഭയുടെ ആശുപത്രിയിൽ റുക്‌സാനയെ പ്രവേശിപ്പിച്ചത്.
ബുധനാഴ്‌ചയും വ്യാഴാഴ്‌ചയുമാണ് രക്‌തം കയറ്റിയത്. ഇതിൽ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞു കയറ്റിയ രക്‌തമാണ് മാറിപ്പോയത്. അരമണിക്കൂറിനകം ശ്വാസതടസവും മറ്റ് അസ്വസ്‌ഥതകളുമുണ്ടായി. തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
രക്‌തഗ്രൂപ്പു മാറിപ്പോയ വിവരം ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് അറിഞ്ഞത്. തുടർന്നു നാട്ടുകാരും ബന്ധുക്കളും പൊന്നാനിയിലെ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. 15 മില്ലിയിൽ താഴെ മാത്രമേ ‘ബി’ പോസിറ്റീവ് രക്‌തം കയറിയിട്ടുള്ളുവെന്നും പിഴവു മനസിലായതോടെ അടിയന്തര നടപടികൾ സ്വീകരിച്ചെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.
നഗരസഭ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് യുഡിഎഫ് നടത്തിയത്. റുക്‌സ്‌നാക്ക് നേരിട്ട ദുരനുഭവം ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്‌ച്ചയാണെന്നും അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം കനത്തതോടെ നടപടി ആരോഗ്യവകുപ്പ് വേഗത്തിലാക്കുകയായിരുന്നു.
TECHNOLOGY | വ്യാജ വാർത്തകൾ; 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്