പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്‌ഞാപനം പുറപ്പെടുവിച്ചു

കേരളം, ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളുടെ ശക്‌തമായ എതിർപ്പ് നിലനിൽക്കെയാണ് പ്രഖ്യാപനം ഉണ്ടായത്.

By Trainee Reporter, Malabar News
Modi And Amit
Ajwa Travels

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ആഴ്‌ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ പരക്കവേയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേരളം, ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളുടെ ശക്‌തമായ എതിർപ്പ് നിലനിൽക്കെയാണ് പ്രഖ്യാപനം ഉണ്ടായത്. പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങളാണ് നിലവിൽ വന്നത്. 2019 ഡിസംബര്‍ 4നാണ് ‘പൗരത്വ (ഭേദഗതി) ബില്‍ 2019‘ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. 2019 ഡിസംബര്‍ 10ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബര്‍ 11ന് രാജ്യസഭയും ബില്‍ പാസാക്കി. ബില്ലിന് 2019 ഡിസംബര്‍ 12ന് രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതോടെ 2020 ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

എന്നാൽ, നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നടപ്പിലാക്കിയിരുന്നില്ല. പാര്‍ലമെന്റ് സിഎഎ പാസാക്കിയതിന് പിന്നാലെ രാജ്യം വലിയ പ്രക്ഷോഭങ്ങൾക്കാണ് സാക്ഷിയായത്. കലാലയങ്ങൾ ഉൾപ്പടെ സമര കേന്ദ്രങ്ങളായി.

പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്‌ത്യാനികൾ എന്നിവരുള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് സിഎഎ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികയില്‍ നിന്നും മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.

2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയവർക്ക് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴയുമെന്നാണ് നിയമത്തിൽ വ്യവസ്‌ഥ ചെയ്‌തിരിക്കുന്നത്‌. അസമിൽ വൻതോതിലുള്ള സുരക്ഷാ കവചം ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവധിയിലുള്ള പോലീസുകാരെ ഡ്യൂട്ടിയിലേക്ക് തിരിച്ചുവിളിപ്പിച്ചാണ് സിഎഎ പ്രഖ്യാപനം നടത്തിയത്. വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് സിഎഎ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മമത ബാനർജി പ്രതികരിച്ചു.

അതേസമയം, സിഎഎ കാലങ്ങൾക്ക് മുന്നേ നൽകിയ ഉറപ്പാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സിഎഎ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഡെൽഹിയിലായിരുന്നു ഗവർണറുടെ പ്രതികരണം. അതിനിടെ, തിരഞ്ഞെടുപ്പ് മുൻനിർത്തി സിഎഎ നിയമത്തിന്റെ ചട്ടങ്ങൾ വിജ്‌ഞാപനം ചെയ്‌ത കേന്ദ്രസർക്കാർ നടപടി രാജ്യത്തെ അസ്വസ്‌ഥമാക്കാൻ ഉള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പാണ് ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്‌ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനും ഉള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരൻമാരെ പലതട്ടുകൾ ആക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നടപ്പിലാക്കിയ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസും രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ധ്രുവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ സിഎഎ വിജ്‌ഞാപനം ഇറക്കിക്കിയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. കേന്ദ്രത്തിൽ ഇന്ത്യ മുന്നണി വരുന്നതോടെ സിഎഎ നിയമം അറബിക്കടലിൽ എറിയുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. ജീവനുള്ള കാലത്തോളം ഈ നിയമം നടപ്പിലാക്കാൻ അനുവദിക്കരുത്. മനുഷ്യനെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന നിയമമാണിതെന്നും സുധാകരൻ പറഞ്ഞു.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE