പൗരത്വ ഭേദഗതി നിയമം; രാജ്യവ്യാപക പ്രതിഷേധം- അസമിൽ ഹർത്താൽ തുടങ്ങി

സാമൂഹിക മാദ്ധ്യമങ്ങളിലും നിരീക്ഷണം ശക്‌തമാണ്.

By Trainee Reporter, Malabar News
Citizenship Amendment Act
Representational Image
Ajwa Travels

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. അസമിൽ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. സിഎഎ പകർപ്പുകൾ കത്തിച്ചു. ഉത്തർപ്രദേശിലും പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നു. എന്നാൽ, പ്രതിഷേധക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ മുന്നറിയിപ്പ് നൽകി.

തമിഴ്‌നാട്ടിൽ സിഎഎ അംഗീകരിക്കാൻ ആവില്ലെന്ന നിലപാടുമായി നടൻ വിജയ്‌യും രംഗത്തെത്തി. മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിഎഎ സംസ്‌ഥാനത്ത്‌ നടപ്പാക്കില്ലെന്ന് ഉറപ്പ് വേണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴക വെട്രി കഴകമെന്ന പാർട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ രാഷ്‌ട്രീയ പ്രതികരണമാണിത്.

പൗരത്വ ഭേദഗതി ചട്ടങ്ങൾ നടപ്പിലായതോടെ ഇനി എല്ലാ കണ്ണുകളും പരമോന്നത കോടതിയിലേക്കാണ്. നിയമ ഭേദഗതിയെ ചോദ്യം ചെയ്‌ത്‌ 200ലേറെ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചട്ടങ്ങൾ നടപ്പിലാക്കിയതിന് പിന്നാലെ ഡെൽഹി ഉൾപ്പടെയുള്ള രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങൾ കനത്ത ജാഗ്രതയിലാണ്. വടക്കു-കിഴക്കൻ ഡെൽഹി ഉൾപ്പടെ മൂന്ന് ജില്ലകളിൽ പോലീസ് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ള ഷഹീൻബാഗ് അടക്കമുള്ള  മേഖലകളിൽ കേന്ദ്ര സേനയും പോലീസും ഇന്ന് ഫ്‌ളാഗ് മാർച്ച് നടത്തും.

സാമൂഹിക മാദ്ധ്യമങ്ങളിലും നിരീക്ഷണം ശക്‌തമാണ്. ഉത്തർപ്രദേശിൽ ഉദ്യോഗസ്‌ഥരോട്‌ ജാഗ്രത പാലിക്കാൻ ഡിജിപി നിർദ്ദേശം നൽകി. കേന്ദ്ര സേനയെ പലയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ എറണാകുളത്തും വിവിധയിടങ്ങളിൽ രാത്രിയിൽ യുവജന സംഘടനകളുടെ പ്രതിഷേധം നടന്നു. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റെയിൽവേ സംരക്ഷണ സേന തടഞ്ഞു.

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാവില്ലെന്ന മുദ്രാവാക്യമുയർത്തി പെരുമ്പാവൂരിൽ എസ്എഫ്ഐ- ഡിവൈഎഫ്‌ഐ എന്നിവയുടെ നേതൃത്വത്തിൽ അർദ്ധരാത്രിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്‌ത്യാനികൾ എന്നിവരുള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് സിഎഎ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികയില്‍ നിന്നും മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.

Related News| ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE