തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. എന്നാൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കണം. ഹോം ഐസൊലേഷൻ പൂർണ തോതിൽ ആകണം. വീട്ടിൽ സൗകര്യം ഇല്ലാത്തവർ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകരുത്. അവർക്ക് വാക്‌സിൻ നൽകിയിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർമിക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട് ചെയ്‌തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആർ. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാൻ നമുക്കായി. രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വർധിക്കുന്ന സാഹചര്യം വരെയുണ്ടായി. ഓണക്കാലത്തും കോവിഡ് വ്യാപനം കൂടുതലായിരുന്നു. ഏറ്റവും നന്നായി കേസുകൾ റിപ്പോർട് ചെയ്യുന്നത് കേരളമാണ്. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് ഇവിടെ റിപ്പോർട് ചെയ്യുന്ന കേസുകളുടെ എണ്ണം. ആറുപേരിൽ ഒരു കേസ് എന്ന നിലക്ക് റിപ്പോർട് ചെയ്യുന്നുണ്ട്. സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങൾ ചെയ്യുന്നത്; മന്ത്രി പറയുന്നു.
അതേസമയം, 18 വയസിനു മുകളിലുള്ള 70.24% പേർക്കും ആദ്യഡോസ് വാക്‌സിൻ നൽകിയതായി വീണാ ജോർജ് അറിയിച്ചു. 25.51% പേർക്ക് ഇതുവരെ രണ്ടാം ഡോസ് നൽകി. വാക്‌സിൻ എടുത്തവർക്ക് രോഗതീവ്രത കുറവാണ്. മരണസംഖ്യ ഏറ്റവും കുറവ് കേരളത്തിലാണ്. ശാസ്‌ത്രീയമായ രീതിയിലാണ് കേരളം കോവിഡിനെ കൈകാര്യം ചെയ്യുന്നത്. ഇവിടെ ഐസിയു, വെന്റിലേറ്റർ, ആശുപത്രി ആവശ്യം വരുന്നവരുടെ എണ്ണം എന്നിവ വളരെ കുറവാണ്. നിലവിൽ പൊതുമേഖലയിൽ 75% വെന്റിലേറ്റർ, 43% ഐസിയു ഒഴിവുണ്ട്. 281 സ്വാകാര്യ ആശുപത്രികളും ഇതിനു പുറമെ ഉണ്ടെന്നും മൂന്നാം തരംഗം തുടങ്ങിയോ എന്നത് ആരോഗ്യവകുപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.
Most Read: ഇന്‍സുലിന്‍ ഉൽപന്നങ്ങളുടെ വില കുറയ്‌ക്കും; ഭക്ഷ്യമന്ത്രി