തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടക്കുന്ന സിപിഎം ആക്രമണങ്ങൾ അപലപനീയമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത് സിപിഎമ്മിന്റെ സ്‌ഥിരം ശൈലിയാണ്. രാഷ്‌ട്രീയമായി നേരിടാൻ കഴിയാതെ വരുമ്പോൾ കള്ളക്കേസുകളുമായി കച്ചകെട്ടി ഇറങ്ങുകയാണ് രീതിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ആയിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പ്രതിപക്ഷ നേതാവായിരിക്കെ എൽഡിഎഫ് സർക്കാരിന്റെ അഴിമതികൾ തുറന്നുകാട്ടിയതിന്റെ പേരിൽ തന്നെയും നിരന്തരം വേട്ടയാടിയിരുന്നു. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ഒരു വ്യക്‌തിയെ ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോർ ഒട്ടും തന്നെ ബാധിക്കില്ല എന്ന് സിപിഎം മനസിലാക്കണമെന്നും ചെന്നിത്തല തുറന്നടിച്ചു.
‘കെപിസിസി പ്രസിഡണ്ട് സുധാകരനെതിരെ സിപിഎം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണ്. സർക്കാരിന്റെയും സിപിഎമ്മിന്റെയും നെറികേടുകൾ ചൂണ്ടിക്കാണിക്കുന്ന കോൺഗ്രസ് നേതാക്കളെ കള്ള കേസുകൾ എടുത്ത് വായടപ്പിക്കാം എന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവിനെ സിപിഎം വ്യക്‌തിഹത്യ ചെയ്യുമ്പോൾ അത് തെളിയിക്കുന്നത് ആ നേതാവ് സിപിഎമ്മുമായി യാതൊരു വിട്ടുവീഴ്‌ചക്കും തയ്യാറാവാത്ത നേതാവായത് കൊണ്ടാണ്’; ചെന്നിത്തല കൂട്ടിച്ചേർത്തു.
മന്ത്രിമാർക്കെതിരെയും,ഉദ്യോഗസ്‌ഥർക്കെതിരെയും ഉയരുന്ന അഴിമതി ആരോപണങ്ങൾ മറച്ചു പിടിക്കാൻ വേണ്ടി യുഡിഎഫ് കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം സിപിഎം വിട്ടൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: കെടി ജലീലിന് സമനില തെറ്റി; വിമർശനവുമായി മുരളീധരനും മുനീറും