പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ് കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ബോംബാക്രമണങ്ങൾ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്തിരുന്നു. കിഴക്കൻ പേരാമ്പ്ര ആശാരിക്കണ്ടിയിലാണ് റോഡരികിൽ സ്റ്റീൽ ബോംബിനോട് സാദൃശ്യമുള്ള രണ്ട് പാത്രങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച 11 മണിയോടെ നാട്ടുകാരാണ് ഇവ ആദ്യമായി കണ്ടത്.
റോഡിന് സമീപത്തെ മതിലിന് മുകളിലും റോഡിലുമാണ് പാത്രങ്ങൾ ഉണ്ടായിരുന്നത്. ഉടൻ പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സബ് ഇൻസ്പെക്ടർ എകെ ഹസൻ പരിശോധനക്ക് നേതൃത്വം നൽകി. നാദാപുരത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡ് ഇവ കസ്റ്റഡിയിൽ എടുത്ത് പരിശോധനക്കായി കൊണ്ടുപോയി. തുടർന്ന് നടന്ന പരിശോധനയിൽ ഇത് ബോംബല്ലെന്നും സ്റ്റീൽ പാത്രത്തിൽ എംസാന്റ് നിറച്ചതാണെന്നും കണ്ടെത്തുകയായിരുന്നു.
Read also: ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപിടുത്തം; ഒരാൾ കസ്റ്റഡിയിൽ