സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യക്ക് വൻ വിൽപ്പന വളർച്ചയെന്ന് റിപ്പോർട്. 2022 ഓഗസ്‌റ്റിനെ അപേക്ഷിച്ചു കമ്പനി കഴിഞ്ഞ മാസം 30 ശതമാനം വിൽപ്പന വളർച്ചയാണ് നേടിയത്. മൊത്തത്തിൽ 1,03,336 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ആഭ്യന്തര വിപണിയിൽ വിറ്റ 83,045 യൂണിറ്റുകളും ആഗോളതലത്തിൽ കയറ്റുമതി ചെയ്‌ത 20,291 യൂണിറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ ആഭ്യന്തര വിൽപ്പനയായി കണക്കാക്കുന്നു.
2023 ജൂലൈയിലും സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ മികച്ച വിൽപ്പന നേടിയിരുന്നു. 1,07,836 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനിക്ക് 2023 ജൂലൈയിൽ ലഭിച്ചത്. ഒരു ലക്ഷത്തിലധികം പ്രതിമാസ വിൽപ്പന രേഖപ്പെടുത്തുന്നത് ഇതാദ്യമായിരുന്നു. ഈ കണക്കിൽ ആഭ്യന്തര വിപണിയിൽ വിറ്റ 80,309 യൂണിറ്റുകളും അന്താരാഷ്‌ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്‌ത 27,527 യൂണിറ്റുകളും ഉൾപ്പെടുന്നു. 2022 ജൂലൈയെ അപേക്ഷിച്ചു ഏകദേശം 41.5 ശതമാനം വാർഷിക വളർച്ചയാണ് കമ്പനിക് ലഭിച്ചത്.
ആക്‌സസ് 125ന്റെ ഉൽപ്പാദനം അമ്പത് ലക്ഷം തികഞ്ഞുവെന്ന നാഴികക്കല്ലും കമ്പനി അടുത്തിടെ സ്വന്തമാക്കിയിരുന്നു. അഞ്ചു ദശലക്ഷം യൂണിറ്റ് എന്ന സുപ്രധാന ഉൽപ്പാദന നാഴികക്കല്ല് രേഖപ്പെടുത്തിയതിന് ശേഷം, ആക്‌സസ് 125-പേൾ ഷൈനിങ് ബീജ്/ പേൾ മിറാഷ് വൈറ്റിൽ കമ്പനി പുതിയ കളർ ഓപ്‌ഷനുകളും അവതരിപ്പിച്ചു. ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ഇരുചക്രവാഹന ഉപസ്‌ഥാപനമാണ് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ.
Most Read| മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാൻ ശ്രമം; ബിജെപിക്കെതിരെ എംകെ സ്‌റ്റാലിൻ