തിരുവനന്തപുരം : ഫെമിനിസം സംസാരിക്കുന്ന സ്‌ത്രീകള്‍ എന്ത് കൊണ്ട് ബലാത്സംഗ കേസുകളില്‍ പ്രതികരിക്കാറില്ല എന്ന ആരോപണത്തിന് മറുപടിയുമായി സിനിമാതാരം റിമ കല്ലിങ്കല്‍. ‘ എന്റെ പക്കല്‍ ഹാഷ് ടാഗുകളില്ല’ എന്ന വാചകത്തോടെയാണ് റിമ തന്റെ പ്രതികരണം ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഹത്രസില്‍ ബലാത്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച ചിത്രത്തിനൊപ്പമാണ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി റിമ രംഗത്തെത്തിയത്.
‘ബലാത്സംഗക്കേസുകളില്‍ എന്തുകൊണ്ട് സ്‌ത്രീകള്‍ പ്രതികരിക്കുന്നില്ല എന്ന് ചോദിക്കുമ്പോള്‍ അവര്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നെനിക്ക് അൽഭുതം തോന്നാറുണ്ട്. ഞങ്ങള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. പെണ്‍കുട്ടി കടന്നു പോയ ഭീതി നിറഞ്ഞ നിമിഷങ്ങള്‍ ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ? ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചെന്നുമോ? ഞങ്ങള്‍ വൈകാരികമായി ഭയപ്പെടുന്നുവെന്നോ? ഞങ്ങള്‍ക്ക് സുരക്ഷിതത്വമില്ലായ്‌മയും ഭയവും അനുഭവപ്പെടുന്നുവെന്നോ? അതുകൊണ്ടാണ് ഓരോ തവണ ഹാഷ് ടാഗുകള്‍ ടൈപ്പ് ചെയ്യുമ്പോഴും അത് നിര്‍ത്തി ഞങ്ങള്‍ സ്‌ക്രീനിലേക്ക് തുറിച്ചു നോക്കുന്നത്. എന്റെ പക്കല്‍ ഹാഷ് ടാഗുകള്‍ ഇല്ല.’ റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read also : ഹത്രസില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നു.
ഫെമിനിസം ചര്‍ച്ച ചെയ്യുന്ന സ്‌ത്രീകള്‍ എപ്പോഴും കേള്‍ക്കുന്ന ആരോപണത്തിനുള്ള മറുപടിയായാണ് റിമ ഇപ്പോള്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ഈയടുത്ത് യൂട്യൂബില്‍ സ്‌ത്രീകളെ പറ്റി അശ്ലീല വീഡിയോ ചെയ്‌ത വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്‍മി ഉള്‍പ്പെടെയുള്ള സ്‌ത്രീകള്‍ പ്രതികരിച്ചപ്പോഴും ഇതേ ചോദ്യം ഫെമിനിസ്റ്റുകളോട് ആവര്‍ത്തിച്ചിരുന്നു. അത്തരം ആരോപണങ്ങള്‍ മുറുകുന്ന അവസ്ഥയിലാണ് ഹത്രസ് സംഭവത്തെ അനുസ്‌മരിപ്പിക്കുന്ന ചിത്രത്തോടൊപ്പം റിമ തന്റെ അഭിപ്രായം ഇപ്പോള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
ഹത്രസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മരിച്ച സംഭവവും അതിന് പിന്നാലെ അരങ്ങേറിയ അരക്ഷിതാവസ്ഥ നിറഞ്ഞ നടപടികളും മൂലം രാജ്യം മുഴുവന്‍ വീണ്ടും സ്‌ത്രീകളുടെ സുരക്ഷയെ പറ്റി ചര്‍ച്ച ചെയ്യുകയാണ്. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഇന്നലെ യുപി പോലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.
Read also : യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ലെവന്‍ഡോസ്‌കിക്ക് ഇരട്ടനേട്ടം