വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക് ഹരജി തള്ളി കർണാടക ഹൈക്കോടതി

കേസിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം. വിധിയുടെ വിശദാംശങ്ങൾ നാളെ രാവിലെ പത്തരയ്‌ക്ക് നൽകാമെന്നും കോടതി വ്യക്‌തമാക്കി.

By Trainee Reporter, Malabar News
veena vijayan
Ajwa Travels

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണയുടെ കമ്പനി സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

കേസിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം. വിധിയുടെ വിശദാംശങ്ങൾ നാളെ രാവിലെ പത്തരയ്‌ക്ക് നൽകാമെന്നും കോടതി വ്യക്‌തമാക്കി. വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്‌തുള്ള ഹരജിയിൽ ഹൈക്കോടതി ജസ്‌റ്റിസ്‌ എം നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്‌.

ഈ മാസം 12ന് ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നിരുന്നത്. കമ്പനീസ് ലോ ചട്ടം 210 പ്രകാരം ആർഒസി അന്വേഷണം പ്രഖ്യാപിച്ചതിനോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്ന് എക്‌സാലോജിക്കിന് വേണ്ടി ഹാജരായ അഭിഭാഷകൻ അരവിന്ദ് ദത്തർ വാദിച്ചു. എന്നിട്ടും അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത് എന്ത് അടിസ്‌ഥാനത്തിൽ ആണെന്ന് വ്യക്‌തതയില്ലെന്നും ഇത് നിയമപരമല്ലെന്നും അഭിഭാഷകൻ വാദിച്ചിരുന്നു.

എന്നാൽ, സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതിന് തെളിവ് ഉണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ കോടതിയിൽ വാദിച്ചു. മാസപ്പടി വിവാദത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണ് എക്‌സാലോജിക് കമ്പനി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.

എസ്എഫ്ഐഒ ഡയറക്‌ടറും കേന്ദ്രസർക്കാരുമാണ് ഹരജിയിലെ എതിർകക്ഷികൾ. ബെംഗളൂരുവിലെയും എറണാകുളത്തേയും രജിസ്‌ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്‌സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്നാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്.

തുടർന്ന് ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. അതിനിടെ, എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്‌സാലോജിക് ഹാജരാക്കണമെന്ന് കേരള ഹൈക്കോടതിയും കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

Most Read| സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നു; നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE