വയനാട്: ജില്ലയിൽ കോവിഡ് വ്യാപനം കൂടിയ സ്‌ഥലങ്ങളിൽ നാളെ മുതൽ ഒരാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് കളക്‌ടർ എ ഗീത ഉത്തരവ് പുറത്തിറക്കി. ഡബ്ള്യുഐപിആർ 8 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്ത്, നഗരസഭാ വാർഡുകൾ എന്നിവിടങ്ങളിലാണ് ഒരാഴ്‌ച ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇവിടങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെയുള്ള പ്രവർത്തനങ്ങൾ ലോക്ക്ഡൗൺ പൂർത്തിയാകുന്നത് വരെ നിർത്തി വെക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
സംസ്‌കാര ചടങ്ങുകൾ ഒഴികെയുള്ള പൊതു സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ ചടങ്ങുകൾ അനുവദിക്കില്ല. എന്നാൽ കാർഷിക പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ എന്നിവയ്‌ക്ക് അനുമതി ഉണ്ടായിരിക്കും. കൂടാതെ ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, മലഞ്ചരക്ക് കടകൾ, വളം, കീടനാശിനി കടകൾ എന്നിവയ്‌ക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ അനുമതി ഉണ്ടാകും.
മുൻകൂട്ടി നിശ്‌ചയിച്ചിട്ടുള്ള വിവാഹങ്ങൾ അതാത് സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരുടെ അനുമതിയോടെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടാതെ ടൗണുകൾ അതിർത്തികളായി വരുന്ന പഞ്ചായത്ത് വാർഡുകളിലും, നഗരസഭാ ഡിവിഷനുകളിലും ഒരു ഭാഗം ലോക്ക്ഡൗൺ ആണെങ്കിൽ റോഡിന്റെ മറുസൈഡിലുള്ള സ്‌ഥാപനങ്ങൾക്കും ലോക്ക്ഡൗൺ ബാധകമായിരിക്കും.
Read also: പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി